കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ടഅവധിയെടുത്ത സംഭവത്തില്‍ നടപടി പ്രതീക്ഷിച്ച സിപിഎം വെട്ടിലായി

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ടഅവധിയെടുത്ത സംഭവത്തില്‍ നടപടി പ്രതീക്ഷിച്ച സിപിഎം വെട്ടിലായി. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം തീരുമാനമെടുക്കേണ്ട മുഖ്യമന്ത്രി നടപടിയെടുക്കാത്തതാണ് കാരണം.

ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ടി വന്നാല്‍ അതിന്റെ പഴി കൂടി കേള്‍ക്കേണ്ടയെന്ന കണക്കുകൂട്ടലില്‍ സിപിഐ പയറ്റിയ തന്ത്രമായിരുന്നു തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടത്. തീരുമാനം ഉണ്ടാവാത്തതിന്റെ പ്രതിസന്ധി അനുഭവിക്കുന്നത് വിഷയത്തില്‍ സജീവമായി ഇടപെട്ട കോന്നി എംഎല്‍എയും ജില്ലയിലെ സിപിഎം നേതൃത്വവുമാണ്. കേരള സര്‍വീസ് ചട്ടപ്രകാരം നടപടി എടുക്കാവുന്ന കാര്യങ്ങള്‍ ഈ വിഷയത്തില്‍ ഇല്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തല്‍. അവധിക്കാര്യം ചൂണ്ടിക്കാട്ടി നടപടിയെടുത്താല്‍ ആരെങ്കിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും അത് തിരിച്ചടിയാകുമെന്നുള്ള ഉപദേശവും റവന്യൂ വകുപ്പിന് കിട്ടിയിരുന്നു. അങ്ങനെയാണ് വിഷയം കത്തിച്ച സി പി എംമ്മിന്റെ കോര്‍ട്ടിലേക്ക് തന്നെ തന്ത്രപരമായി സി പി ഐ പന്തടിച്ച് കയറ്റിയത്.

ഫെബ്രുവരി 10നാണ് കോന്നി താലൂക്ക് ഓഫീസിലെ 16 ജീവനക്കാര്‍ അവധിയെടുത്ത് മൂന്നാറില്‍ ഉല്ലാസ യാത്ര പോയത് . ഈ ദിവസം കെ യു ജിനേഷ് കുമാര്‍ എംഎല്‍എ ഓഫീസിലെത്തി ഹാജര്‍ പുസ്തകം പരിശോധിച്ചതോടെ വിഷയം വിവാദമായി. ജീവനക്കാര്‍ യാത്ര പോയത് ക്വാറി ഉടമയുടെ ബസ്സിലാണെന്ന് ആരോപണമായി പിറ്റേദിവസം എംഎല്‍എ വീണ്ടും എത്തി. എ ഡി എം ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു . ജനപ്രതിനിധിയെ അവഹേളിച്ചതിനെതിരെ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടാകുമെന്നും ഇല്ലെങ്കില്‍ അപ്പോള്‍ ബാക്കി നോക്കാം എന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് . ജീവനക്കാരെ ന്യായീകരിച്ച് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി രംഗത്തെത്തിയതോടെ വിഷയം ചൂടായി . സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജീവനക്കാരെ പൂര്‍ണമായി തള്ളാത്ത നിലപാടായിരുന്നു. എന്നാല്‍ സിപിഐ നേതാവും റവന്യൂ മന്ത്രിയുമായ കെ രാജന്‍ പരിശോധിച്ച് നടപടി ഉണ്ടാവുമെന്നാണ് പറഞ്ഞത്. കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ നടപടിയെടുക്കുന്ന ചുമതല അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയും എംഎല്‍എക്ക് പിന്തുണയുമായെത്തിയിരുന്നു. കോന്നി കൂട്ട അവധിയുടെ പശ്ചാത്തലത്തില്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത വിധത്തില്‍ അവധി അനുവദിക്കുന്ന കാര്യത്തില്‍ വ്യവസ്ഥ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *