കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനും സാധ്യത

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനും സാധ്യത. ശശി തരൂര്‍ പ്രവര്‍ത്തകസമിതിയിലെത്തിയാല്‍ മുല്ലപ്പള്ളി ഒഴിവാക്കപ്പെടും. ഇതിനിടെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഏതാനും നേതാക്കളെ കെപിസിസി അംഗങ്ങളായി നോമിനേറ്റ് ചെയ്യാനുളള നടപടിയില്‍ എ ഐ ഗ്രൂപ്പുകളില്‍ അമര്‍ഷം രൂക്ഷമായി. ഇതിലും എഐസിസി അംഗങ്ങളുടെ പട്ടിക സംബന്ധിച്ചും കൂടിയാലോചന നടക്കാത്തതാണ് പ്രതിഷേധത്തിന് കാരണം

കോണ്‍ഗ്രസ് ക്ലീനറി സമ്മേളനം വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ റായിപ്പൂരില്‍ തുടങ്ങാനിരിക്കെ പ്രവര്‍ത്തകസമിതിയിലേക്ക് കേരളത്തില്‍നിന്ന് ആരൊക്കെ എത്തണം എന്നതില്‍ കേരള നേതാക്കള്‍ക്കിടയില്‍ ഭിന്നത. എഐസിസി അധ്യക്ഷ തിരഞ്ഞെടെുപ്പില്‍ മത്സരിച്ച് ചലനം ഉണ്ടാക്കിയ ഡോക്ടര്‍ ശശി തരൂര്‍ എംപി പ്രവര്‍ത്തകസമിതിയിലേക്ക് എത്തുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത.് കേരളത്തില്‍നിന്ന് രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനും സാധ്യതയുണ്ടെന്നാണ് സൂചന. തരൂരിനായി എ ഗ്രൂപ്പിന്റെയും എംപിമാരില്‍ ചിലരുടെയും സമ്മര്‍ദ്ദം ഉണ്ട്.

തരൂരിന് നറുക്ക് വീണാല്‍ മുല്ലപ്പള്ളിയെ മറ്റേതെങ്കിലും പദവിയിലേക്ക് പരിഗണിച്ചേക്കാം. നിലവില്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരാണ് പ്രവര്‍ത്തകസമിതിയില്‍ കേരളത്തില്‍ നിന്നുള്ളത.് ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒഴിഞ്ഞേക്കും. അച്ചടക്കമതി അധ്യക്ഷന്‍ എ്ന്ന നിലയില്‍ ആന്റണിയെ ക്ഷണിതാവായി ഉള്‍പ്പെടുത്തിയേക്കും. കെസി വേണുഗോപാല്‍ ഉറപ്പായും പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകും. 25 അംഗ പ്രവര്‍ത്തകസമിതിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റും പാര്‍ലമെന്റ്‌റി പാര്‍ട്ടി നേതാവും ഒഴിച്ചുളള 23 പേരില്‍ 11 പേരെ പ്രസിഡന്റ് നാമ നിര്‍ദേശം ചെയ്യും. 12 പേര്‍ മത്സരത്തിലൂടെ എത്തണം. മത്സരം ഒഴിവാക്കി ഇവരെയും നാമ നിര്‍ദേശം ചെയ്യുന്നതാണ് 2001 നു ശേഷം ഇങ്ങോട്ട് നടന്നിട്ടുള്ളതെങ്കിലും ഇത്തവണ മത്സരം നടക്കട്ടെ എന്ന് തീരുമാനത്തിലാണ് ഹൈക്കമാന്‍ഢെന്നാണ് സൂചന.

മത്സരസാധ്യത കണക്കിലെടുത്താണ് കേരളത്തിന് അനുവദനീയമായ 41 എന്ന അംഗത്വ ക്വാട്ടയില്‍ വോട്ടവകാശമുള്ള എഐസിസി അംഗങ്ങളെ പരിമിതപ്പെടുത്താനുള്ള നിര്‍ദ്ദേശം ഉണ്ടായത്. ഇതോടെ നിലവില്‍ അംഗങ്ങളില്‍ ചിലരെ ഒഴിവാക്കേണ്ടിവന്നു. ഇത് പരാതിക്കിടയാക്കുമെന്നായതോടെ എംപിമാരില്‍ ആറുപേരെ പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അങ്ങനെ 47 വോട്ടവകാശമുള്ളവരും ക്ഷണിതാക്കളും അടക്കം 63 പേരടങ്ങുന്ന എഐസിസി പട്ടികയ്ക്കാണ് കേരളത്തില്‍ നിന്ന് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയത്. ഇതിനിടെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഏതാനും നേതാക്കളെ കെപിസിസി അംഗങ്ങളായി നോമിനേറ്റ് ചെയ്യാന്‍ കോണ്‍ഗ്രസില്‍ നടപടി തുടങ്ങിയതോടെ എ ഐ ഗ്രൂപ്പുകളില്‍ അമര്‍ഷം രൂക്ഷമായി. ഇതിലും എഐസിസി അംഗങ്ങളുടെ പട്ടിക സംബന്ധിച്ചും കൂടിയാലോചന നടക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.

പിസിസി ജനറല്‍ബോഡി അംഗങ്ങള്‍ക്കും എഐസിസി അംഗങ്ങള്‍ക്കുമാണ് പ്ലീനറിയില്‍ പങ്കെടുക്കാവുന്നത്. കെപിസിസി അംഗങ്ങളായി 305 പേരെ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ചില പ്രമുഖ നേതാക്കളും കെപിസിസി ഭാരവാഹികള്‍ തന്നെയും ഈ പട്ടികയില്ല. ഇവരില്‍ പലര്‍ക്കും എഐസിസി പട്ടികയിലും ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല. ജനറല്‍ ബോഡി അംഗങ്ങളെ നിശ്ചയിച്ച ശേഷം കെപിസിസി പ്രസിഡണ്ടിന് ഏതാനും പേരെ നോമിനിറ്റ് ചെയ്യാമെന്ന് വ്യവസ്ഥയുണ്ട്. ഇതു പ്രയോജനപ്പെടുത്തി കുറച്ചുപേരെ നോമിനേറ്റ് ചെയ്ത് അവര്‍ക്ക് കൂടി പ്ലീനറിയില്‍ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കാനാണ് കെപിസിസി ശ്രമിച്ചത്. ഇതിലേക്ക് നിര്‍ദേശങ്ങള്‍ ആരായുക പോലും ചെയ്തില്ലെന്ന പ്രതിഷേധത്തിലാണ് എ ഐ ഗ്രൂപ്പുകള്‍.

Leave a Reply

Your email address will not be published. Required fields are marked *