കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ തീവ്രശ്രമം

ന്യൂഡൽഹി: കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ തീവ്രശ്രമം.തര്‍ക്കപരിഹാരത്തിന് ഹൈക്കമാന്‍ഡ് പ്രതിനിധികളെ അയയ്ക്കുന്നതും സംസ്ഥാനത്ത് ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കുന്നതും നേതൃത്വത്തിന്റെ പരിഗണനയില്‍.

കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും സംഘടനാ പ്രശ്‌നങ്ങള്‍ ഉരുണ്ടു കൂടുന്നത് ഹൈക്കമാന്‍ഡ് അതീവ ഗൗരവത്തോടെ എടുക്കുന്നു. തര്‍ക്കപരിഹാരത്തിന് ഹൈക്കമാന്‍ഡ് പ്രതിനിധികളെ അയയ്ക്കുന്നതും സംസ്ഥാനത്ത് ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കുന്നതും നേതൃത്വത്തിന്റെ പരിഗണനയിലാണ്. കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറെ കൂടാതെ മറ്റൊരു മുതിര്‍ന്ന നേതാവിനെ കൂടി പ്രശ്‌ന പരിഹാരാര്‍ഥം നിയോഗിക്കാനാണു സാധ്യത. കമ്മിറ്റി രൂപീകരണം, പക്ഷേ സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്തു മാത്രമായിരിക്കും.

കെപിസിസിയുടെ അധിക നോമിനേഷനുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കവും പരാതിയും പരിഹരിക്കാതെ ഡിസിസി, ബ്ലോക്ക് പുനഃസംഘടനയുമായി സഹകരിക്കേണ്ടെന്ന തീവ്ര വികാരം എഐ ഗ്രൂപ്പുകള്‍ പങ്കുവച്ചു തുടങ്ങിയതോടെയാണ് കേന്ദ്ര ഇടപെടല്‍. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ജില്ലകളില്‍ ഉയരുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ സംസ്ഥാനതല സമിതി രൂപീകരിക്കണമെന്നാണ് ആവശ്യം. ഇതു സ്ഥിരം സംവിധാനമാക്കണമെന്ന ആഗ്രഹവും അവര്‍ക്കുണ്ട്. ആലപ്പുഴയില്‍ താരിഖ് അന്‍വറിന്റെയും കെ.സി.വേണുഗോപാലിന്റെയും സാന്നിധ്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നപ്പോള്‍ ഈ നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍, തന്റെ അധികാരം സമിതിക്കു വിട്ടുകൊടുക്കുന്നതിനെ കെ.സുധാകരന്‍ എതിര്‍ത്തു.

ഗ്രൂപ്പുകള്‍ക്ക് വീണ്ടും സംഘടനാ കാര്യങ്ങളില്‍ കൈ കടത്താന്‍ ഇതു വഴി ഒരുക്കുമെന്ന വിലയിരുത്തല്‍ പ്രതിപക്ഷ നേതാവിനുമുണ്ട്. എഐസിസിയുടെ പ്ലീനറി സമ്മേളന വേദിയില്‍ തന്നെ കേരളത്തിലെ ഭിന്നതകള്‍ പുറത്തുവന്നത് ഹൈക്കമാന്‍ഡിനു രസിച്ചിട്ടില്ല.രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സംസ്ഥാനത്തു പൊതുതിരഞ്ഞെടുപ്പിനു മുന്‍പായി തര്‍ക്കങ്ങള്‍ കൈവിട്ടു പോകരുതെന്ന നിര്‍ബന്ധം നേതാക്കള്‍ക്കുണ്ട്. അതുകൊണ്ടാണു പ്ലീനറി വേദിയില്‍ വച്ചു തന്നെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡ് ശ്രമിച്ചത്. അതു നടക്കാതെ പോയ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളെ കേരളത്തിലേക്ക് അയച്ചേക്കുമെന്ന സൂചന നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *