കോണ്‍ഗ്രസിന് ഒറ്റയ്ക്ക് അധികാരത്തിലേറാനുള്ള രാഷ്ട്രീയ സാഹചര്യം നിലവിലില്ലെന്ന് പ്ലീനറി സമ്മേളനത്തിനുളള രാഷ്ട്രീയ പ്രമേയം

കോണ്‍ഗ്രസിന് ഒറ്റയ്ക്ക് അധികാരത്തിലേറാനുള്ള രാഷ്ട്രീയ സാഹചര്യം നിലവിലില്ലെന്ന് പ്ലീനറി സമ്മേളനത്തിനുളള രാഷ്ട്രീയ പ്രമേയം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതു കക്ഷികള്‍ അടക്കമുള്ള പാര്‍ട്ടികളെ ഒരു കുടക്കീഴിലാക്കി ബിജെപിക്കെതിരെ ഐക്യനിര രൂപീകരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്നും രാഷ്ട്രീയ പ്രമേയം നിര്‍ദ്ദേശിച്ചു.

ഒരുതവണ കൂടി ബിജെപി അധികാരത്തില്‍ എത്തിയാല്‍ ജനാധിപത്യത്തിന്റയും കോണ്‍ഗ്രസിന്റയും തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന ആശങ്ക പ്രമേയ രൂപീകരണ യോഗത്തില്‍ നേതാക്കള്‍ പങ്കുവെച്ചു. ഹിറ്റ്‌ലര്‍ ഭരിച്ച ജര്‍മ്മനിയിലെ പോലെ ഇന്ത്യയെ മതാധിഷ്ഠിതമാക്കാനുള്ള ശ്രമം നടക്കുന്നു. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് അധികാരത്തിലേറാനുള്ള രാഷ്ട്രീയ സാഹചര്യം നിലവിലില്ല. സഖ്യത്തിന് മാത്രമേ അതിന് സാധിക്കൂ. ബിജെപിയെ തടയാന്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സഖ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് രൂപം നല്‍കണം.

പ്രതിപക്ഷത്തെ കോര്‍ത്തിണക്കാന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും സാധിക്കില്ല. എന്‍ എസ് യു ഐ, യൂത്ത് കോണ്‍ഗ്രസ് , മഹിള കോണ്‍ഗ്രസ് എന്നിവ പുനരുജീവിപ്പിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രമേയ രൂപീകരണ സമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ അംഗങ്ങളാണ.് ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് മറ്റൊരു യാത്ര നടത്തുന്ന കാര്യം റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. അംഗീകാരം ലഭിച്ചാല്‍ വരും മാസങ്ങളില്‍ യാത്ര നടത്തും. അരുണാചലില്‍ നിന്ന് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോര്‍ബന്ധറിലേക്ക് ആയിരിക്കും യാത്ര.

Leave a Reply

Your email address will not be published. Required fields are marked *