കോണ്‍ഗ്രസിന്റെ 85ആം പ്ലീനറി സമ്മേളനത്തിന് ഇന്ന് റായ്പൂരില്‍ തുടക്കം

റായ്പൂർ: കോണ്‍ഗ്രസിന്റെ 85ആം പ്ലീനറി സമ്മേളനത്തിന് ഇന്ന് റായ്പൂരില്‍ തുടക്കം. ബിജെപി വിരുദ്ധരെ ഒന്നിപ്പിക്കുന്ന കാര്യത്തിലും പ്രതിപക്ഷ ഐക്യത്തിന്റെ കാര്യത്തിലും പ്ലീനറിയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനം നിര്‍ണായകമാകും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണമോ എന്ന കാര്യത്തിലും ഇന്ന് നിര്‍ണായക തീരുമാനം.

ലോക്‌സഭ നിയമസഭാ തെരഞ്ഞെടുപ്പിലെ വെല്ലുവിളികള്‍ നേരിടുന്നതിനു കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ ലക്ഷ്യമുള്ള 85 ാം പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയ പ്രവര്‍ത്തകസമിതി അംഗങ്ങളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് വേണ്ട എന്നാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെങ്കില്‍ അംഗങ്ങളെ നാമ നിര്‍ദേശം ചെയ്യാനുളള അധികാരം പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറും.

അങ്ങനെയെങ്കില്‍, സമിതിയുടെ പ്രഖ്യാപനം പ്ലീനറിയില്‍ ഉണ്ടായേക്കില്ല. 23 പേരെയും പിന്നീടായിരിക്കും പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന അഭിപ്രായമാണ് സ്റ്റിയറിങ് കമ്മിറ്റിയില്‍ മുന്‍തൂക്കം. അതേ സമയത്ത് തെരഞ്ഞെടുപ്പ് വേണമെന്ന് കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നാല്‍, നാളെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും ഞായറാഴ്ച തെരഞ്ഞെടുപ്പും നടക്കും. പട്ടികയില്‍ ഇടം പിടിച്ചില്ലെങ്കില്‍ ശശി തരൂര്‍ ,സച്ചിന്‍ പൈലറ്റ് എന്നിവര്‍ അടക്കമുള്ളവര്‍ ഭാവിയില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇരുവരുടെയും സേവനം പാര്‍ട്ടി ഉപയോഗപ്പെടുത്തണമെന്ന് സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അഭിപ്രായമുണ്ട.് എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ഭൂരിപക്ഷാഭിപ്രായം തള്ളി അവര്‍ക്ക് വേണ്ടി വാദിക്കാന്‍ ഇരുവരുംതയ്യാറാവില്ല. ദേശീയ നേതൃത്വത്തില്‍ ഒരു ചുമതയിലേക്കും തന്നെ ഇനി പരിഗണിക്കരുത് എന്ന് എ കെ ആന്റണി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. അനാരോഗ്യം മൂലം ഉമ്മന്‍ചാണ്ടിയും ഒഴിയുമ്പോള്‍, പകരം രമേശ് ചെന്നിത്തല വരട്ടെ എന്ന ചിന്ത നേതൃത്വത്തിനുണ്ട് . ഇതിനിടെ ആന്റണിയുടെ പകരക്കാരനായി മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും ഉയര്‍ന്നിട്ടുണ്ട്.

പ്ലീനറിയില്‍ അവതരിപ്പിക്കുന്ന ആറ് പ്രമേയങ്ങള്‍ക്ക് ഇന്ന് അന്തിമ രൂപമാകും . ഇതിനുള്ള സമിതി വൈകിട്ട് യോഗം ചേരും. നാളെയും ഞായറാഴ്ചയും വിവിധ പ്രമേയങ്ങളില്‍ വിശദ ചര്‍ച്ച നടത്തും. പ്രതിപക്ഷ സഖ്യം അടക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് പ്ലീനറിയില്‍ പ്രഖ്യാപിക്കും . ഞായറാഴ്ച രണ്ടിന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്ലിനറിയെ അഭിസംബോധന ചെയ്യും. വൈകീട്ട് നടത്തുന്ന റാലിയോടെ പ്ലീനറി സമാപിക്കും.

പ്രതിപക്ഷ ഐക്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനിതുവരെ നിര്‍ണായകമായ തീരുമാനം എടുക്കാന്‍ ആയിട്ടില്ല. ബിജെപി വിരുദ്ധരെ എങ്ങനെ ഒരുമിപ്പിക്കാം എന്ന കാര്യത്തില്‍ വ്യക്ത വരുത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാണ്. പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന സമീപനമാകും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ധാരണ ശ്രമങ്ങളെ സ്വാധീനിക്കുക. പൊതു മിനിമം പരിപാടിയല്ല പൊതുപരിപാടിയാണ് പ്രതിപക്ഷ ഐക്യത്തിന് വേണ്ടതെന്നാണ് പ്ലീനറി ഒരുക്കങ്ങള്‍ വിശദീകരിക്കവെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്.

2024 ലക്ഷ്യം വെച്ചുള്ള അഞ്ചിന പരിപാടി പ്ലീനറിയില്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ജയറാം രമേശ് ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആണ് ഇപ്പോള്‍ പ്രധാനം എന്നും കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഭരണത്തിലാണ്, കര്‍ണാടകയിലും മധ്യപ്രദേശിലും മുഖ്യപ്രതിപക്ഷം കോണ്‍ഗ്രസ് ആണ്. ഈ സംസ്ഥാനങ്ങളളിലെല്ലാം താങ്ങാവുന്നതിലധികം ഉള്‍ പാര്‍ട്ടി പ്രശ്‌നങ്ങള്‍ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം കൂടി ആശ്രയിച്ചായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ വിലപേശല്‍ ശേഷി .

ബിജെപി വിരുദ്ധരെയെല്ലാം ഒരുമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു . ഭാരത് ജോഡോ യാത്രയുടെ സമാപനം പ്രതിപക്ഷ സഖ്യത്തിന്റെ വേദിയാക്കാനുള്ള കോണ്‍ഗ്രസ് വിജയിച്ചിരുന്നില്ല . പ്രതിപക്ഷത്തെ ബി ആര്‍ എസ,് ജെഡിയു, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ സമാന്തരപ്രതിപക്ഷ ബദല്‍ ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. മൂന്നാം മുന്നണി എന്ന് ഇതിനെ അവര്‍ വിളിക്കുന്നില്ല . കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്ന അഭിപ്രായമാണ് പല പാര്‍ട്ടികള്‍ക്കും. 2024 ല്‍ ഭരണമുന്നണി രൂപം കൊണ്ടത് തെരഞ്ഞെടുപ്പിന് ശേഷമാണെന്ന് സിപിഎം പറയാനുള്ള വാദവും ജയറാം രമേഷ് ഇന്നലെ ഉന്നയിച്ചു. എന്നാല്‍, ഓരോ സംസ്ഥാനത്തെയും ബലത്തിന് അനുസരിച്ചുള്ള നീക്കുപോക്കുകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്നാണ് കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷത്തെ പലകക്ഷികളും ഉന്നയിക്കുന്ന വിമര്‍ശനം. സാഹചര്യത്തിന് പ്രത്യേകത കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസ് പഴയ പ്രതാപം പറഞ്ഞുകൊണ്ട് കാര്യമില്ലെന്നും, ഈ വിമര്‍ശനം കൂടി കണക്കിലെടുത്തുള്ള സമീപനം മുന്നോട്ടുവയ്ക്കാന്‍ തയ്യാറാണെന്നും പ്ലീനറിയില്‍ പാര്‍ട്ടി സൂചിപ്പിക്കുമോ എന്നാണ് വ്യക്തമാക്കേണ്ടത.്

Leave a Reply

Your email address will not be published. Required fields are marked *