കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്‌നഹയുടെ ഭര്‍ത്താവ് അരുണിനായി; സ്വീകരിച്ചത് എയര്‍ എംബോളിസം

തിരുവല്ല പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി നടത്തിയത് വലിയ ആസൂത്രണം. പ്രതിയായ അനുഷ കൃത്യത്തിനായി തിരഞ്ഞെടുത്തത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത എയര്‍ എംബോളിസമെന്ന രീതി. രക്തക്കഴലുകളില്‍ വായു കുമിളകള്‍ കടക്കുന്ന അവസ്ഥ സൃഷ്ടിക്കാന്‍ സ്‌നേഹയെ മൂന്നുവട്ടം കാലി സിറിഞ്ചില്‍ വായു നിറച്ച് കുത്തിവയ്പ് നടത്തി. തട്ടവും മാസ്‌കും നഴ്‌സിംഗ് കോട്ടും ധരിച്ചാണ് പ്രതി കൃത്യം നടത്താനെത്തിയത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെ സ്വന്തമാക്കാനുള്ള ആഗ്രഹമാണ് പിന്നിലെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ബിഫാം കോഴ്‌സ് പൂര്‍ത്തിയാക്കിയ അനുഷ രണ്ടുതവണ വിവാഹിതയാണ്. കായംകുളം പുല്ലുകുളങ്ങര സ്വദേശി സ്‌നേഹയെയാണ് കണ്ടല്ലൂര്‍ സ്വദേശി അനുഷ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന്റെ സുഹൃത്താണ് പ്രതി. സ്‌നേഹയെ ശനിയാഴ്ച വൈകിട്ടോടെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മാറ്റിയേക്കും. ഒരാഴ്ച മുന്‍പാണ് സ്‌നേഹയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌നേഹയെ വെള്ളിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ നിറംമാറ്റമുള്ളതിനാല്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തില്ല. ഇതോടെ സ്‌നേഹ ആശുപത്രിയില്‍ തുടരുകയായിരുന്നു. സ്‌നേഹയുടെ അമ്മയും ആശുപത്രിയിലുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് നഴ്‌സിന്റെ വേഷത്തിലെത്തി അനുഷ കുത്തിവയ്പ് എടുക്കാന്‍ ശ്രമിച്ചത്. ഡിസ്ചാര്‍ജ് ചെയ്തതിനാല്‍ കുത്തിവയ്പ് എടുക്കുന്നതിനെ അമ്മ ചോദ്യം ചെയ്തു. എന്നാല്‍ ഒരു കുത്തിവയ്പുകൂടിയുണ്ടെന്ന് പറഞ്ഞ് സ്‌നേഹയുടെ ശരീരത്തില്‍ ബലമായി സിറിഞ്ച് കുത്താന്‍ ശ്രമിക്കുകയായിരുന്നു. സിറിഞ്ചില്‍ മരുന്നുണ്ടായിരുന്നില്ല. സ്‌നേഹയുടെ അമ്മ ബഹളമുണ്ടാക്കിയതോടെ ആശുപത്രി ജീവനക്കാരെത്തി അനുഷയെ തടഞ്ഞുവച്ച് പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *