കൊടി നാട്ടി കുടിൽകെട്ടി സിഐടിയു

കൊടിനാട്ടിയ സ്വകാര്യ ബസിന് മുന്‍പില്‍ ലോട്ടറിക്കച്ചവടം നടത്തി ബസുടമ പ്രതിഷേധിച്ചതോടെ കുടില്‍കെട്ടി സമരം ശക്തമാക്കി സിഐടിയു. സ്വകാര്യ ബസിന് മുന്‍പിലാണ് സിഐടിയുവിന്റെ കുടില്‍കെട്ടി കഞ്ഞിവെയ്പ്പ് സമരം. ശമ്പള വര്‍ധന നടപ്പാക്കുന്നില്ലെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയാണ് സിഐടിയു കോട്ടയം- തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന് മുന്‍പില്‍ കൊടികുത്തിയത്. ഇതിന് തുടര്‍ന്ന് വെട്ടിക്കുളങ്ങര ബസിന്റെ ഉടമ തിരുവാര്‍പ്പ് വെട്ടിക്കളങ്ങര രാജ്‌മോഹന്‍ ബസിന് മുന്‍പില്‍ ലോട്ടറി വില്‍പ്പന നടത്തി പ്രതിഷേധിച്ചു.

യുഎസിലെ ടൈംസ് സ്‌ക്വയറില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയതിന് പിന്നാലെ തുടങ്ങിയ ലോട്ടറി വില്‍പ്പന കേന്ദ്രത്തിന് ടൈംസ് സ്‌ക്വയര്‍ ലക്കി സെന്റര്‍ എന്നാണ് രാജ്‌മോഹന്‍ പേരിട്ടത്. അന്യായമായ കൂലി വര്‍ധന സിഐടിയു ആവശ്യപ്പെടുന്നുവെന്നാണ് രാജ്‌മോഹന്റെ ആരോപണം. പ്രശ്‌നപരിഹാരത്തിന് പല തവണ ലേബര്‍ ഓഫീസിലടക്കം ശ്രമങ്ങള്‍ നടന്നെങ്കിലും ഇരുകൂട്ടരും നിലപാടില്‍ ഉറച്ചു നിന്നതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. ഇതിനിടെ രാജ്‌മോഹന്റെ സമരം വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും സമൂഹമാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയാവുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ മലയാളചിത്രം വരവേല്‍പുമായാണ് പലരും സമരത്തെ താരതമ്യം ചെയ്തത്. പിന്നാലെയാണ് സമരം ശക്തമാക്കുന്നിന്റെ ഭാഗമായി സിഐടിയു സിഐടിയു കുടില്‍ കെട്ടിയത്. ആവശ്യം അംഗീകരിക്കുംവരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ പറയുന്നു. അതേസമയം സര്‍വീസ് തടസ്സപ്പെടുത്തിയ യൂണിയനെതിരെ കോടതിയ സമീപിക്കുമെന്ന് രാജ്‌മോഹന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *