കൈക്കൂലി ആരോപണം; അഭിഭാഷക നേതാവിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന ചടങ്ങിൽനിന്ന് മാറ്റി

കൊച്ചി: കേരള ഹൈക്കോർട്ട് അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടക്കുന്ന പുസ്തകപ്രകാശന ചടങ്ങിലെ അധ്യക്ഷസ്ഥാനത്തുനിന്ന് ആരോപണ വിധേയനായ അഭിഭാഷകനെ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാറാണ് ഉപഭോക്തൃ നിയമത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുന്നത്.

പുസ്തകപ്രകാശന ചടങ്ങിൽ ആദ്യം അധ്യക്ഷനായി നിശ്ചയിച്ചത് അടുത്തിടെ സംഘടനയുടെ മുഖ്യ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകനെയായിരുന്നു. അദ്ദേഹത്തെ അധ്യക്ഷനായി നിശ്ചയിച്ച് പരിപാടിയുടെ ബ്രോഷർ അടക്കം അച്ചടിച്ച് നൽകുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ കക്ഷിയുടെ പക്കൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം പുറത്തുവന്നത്. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകുകയും ചെയ്തു. പോലീസ് അന്വേഷണവും തുടങ്ങി. മാധ്യമങ്ങളിൽ ഇത് വാർത്തയാകുകയും ചെയ്തു.

തുടർന്നാണ് ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് അഭിഭാഷകനെ മാറ്റിയത്. ഹൈക്കോർട്ട് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്.

ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സൈബി ജോസ് കിടങ്ങൂർ തൽസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ഓൾ കേരള ലോയേഴ്സ് യൂണിയൻ കേരള ഹൈക്കോടതി കമ്മിറ്റി ആവശ്യപ്പെട്ടു. ആരോപണം നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് പോറലേൽപ്പിക്കുന്നതാണ് – എ.ഐ.എൽ.യു. ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി അഡ്വ. സി.എം. നാസർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ആരോപണത്തിൽ വസ്തുതകൾ പുറത്തു കൊണ്ടു വരാൻ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു.

സംശയത്തിന് അതീതമായി നിലകൊള്ളേണ്ട ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജഡ്ജിമാർ യോഗം ചേർന്നാണ് അന്വേഷണത്തിന് ശുപാർശ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ജുഡീഷ്യറി തന്നെ ആരോപണം അന്വേഷിക്കണം എന്ന നിലപാട് സ്വീകരിച്ചത് സ്വാഗതാർഹമാണെന്നും ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി. പ്രമോദ് അഭിപ്രായപ്പെട്ടു.

ആരോപണത്തിൽ കൈക്കൂലി നൽകിയതായി പറയുന്ന സിനിമാ നിർമാതാവിന്റെയും ആരോപണ വിധേയനായ അഭിഭാഷകന്റെ രണ്ട് ജൂനിയർമാരുടെയും മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ പറഞ്ഞു. ചൊവ്വാഴ്ച നോട്ടീസ് നൽകിത്തുടങ്ങും. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡി.ജി.പി. ക്ക് നൽകും. ആരോപണത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ഹൈക്കോടതി രജിസ്ട്രാറുമായി കമ്മിഷണർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *