കേരള തീരത്ത് സുനാമി വിനാശം വിതച്ചിട്ട് ഇന്ന് 18 വർഷം

കൊല്ലം: കേരള തീരത്ത് സുനാമി വിനാശം വിതച്ചിട്ട് ഇന്ന് 18 വർഷം. ലോകമാകെ മൂന്ന് ലക്ഷത്തിലധികം മനുഷ്യജീവനുകൾ കവർന്ന മഹാ ദുരന്തം കേരളത്തിലും രാക്ഷസരൂപം പൂണ്ടു. 236 പേരാണ് സുനാമി തിരമാലയിൽ കേരളത്തിൽ മരിച്ചത്.

2004 ഡിസംബർ 26. ക്രിസ്മസ് പിറ്റേന്ന് കടൽ ഇങ്ങനെ കലിപൂണ്ട് വരുമെന്ന് കരുതിയിരുന്നില്ല. ഇൻഡോനേഷ്യയിലെ സുമാത്രയിൽ രൂപം കൊണ്ട ഭൂകമ്പം ലോകമാകെ ദുരിതത്തിരമാലയായി. കേരളത്തിൽ മാത്രം 236 പേരുടെ ജീവൻ കടലെടുത്തു. അതിൽ ഏറിയപങ്കും കൊല്ലം ജില്ലയിലെ അഴീക്കലുകാരായിരുന്നു. 143 മനുഷ്യരെയാണ് ആ നാട്ടിൽ നിന്ന് രാക്ഷസത്തിരമാല കവർന്നത്. അഴീക്കലിലെ എട്ട് കിലോമീറ്റർ ഓളം പൂർണമായും കടലെടുത്തു. പരുക്കേറ്റ് ആയിരങ്ങൾ ചികിത്സ തേടി.

അന്ന് കടൽ കൊണ്ടുപോയതൊക്കെ തിരികെ പിടിക്കാൻ ഇനിയും അഴിക്കലുകാർക്ക് ആയിട്ടില്ല. അതിൽ പിന്നീട് ക്രിസ്മസ് അവർക്ക് നടുക്കുന്ന ഓർമ്മയാണ്. വർഷം 18 പിന്നിടുമ്പോഴും അന്നത്തെ മുറിവുകൾ ഉറങ്ങാതെ ഇപ്പോഴും ഈ ജനത ജീവിക്കുകയാണ്. കൊല്ലത്തിന് പുറമേ ആലപ്പുഴ ജില്ലയിലും സുനാമി ഭീകര രൂപം പൂണ്ടു.

ഇന്ത്യയിൽ കേരളം കൂടാതെ കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ തെക്കൻ തീരങ്ങളിലും സുനാമി ദുരന്തം വിതച്ചു.

Leave a Reply

Your email address will not be published. Required fields are marked *