കേരളത്തിൽ ജനിച്ചു വളർന്ന പലരെക്കാളും നന്നായി മുണ്ടുടുക്കാൻ തനിക്ക് അറിയാം എന്നതാണ് പലരുടെയും പ്രശ്‌നമെന്ന് ഗവർണർ

പനജി:കേരളത്തിൽ ജനിച്ചു വളർന്ന പലരെക്കാളും നന്നായി മുണ്ടുടുക്കാൻ തനിക്ക് അറിയാം എന്നതാണ് പലരുടെയും പ്രശ്‌നമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുപിക്കാരനായ ആരിഫ് മുഹമ്മദ് ഖാനു കേരളത്തിലെ സാഹചര്യങ്ങൾ അറിയില്ലെന്ന മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിവാദ പരാമർശത്തിനാണ് ഗവർണർ ഇങ്ങനെ മറുപടി നൽകിയത്.

ഗോവ ഗവർണറും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമായ പി.എസ്.ശ്രീധരൻപിള്ളയുടെ സാന്നിധ്യത്തിലായിരുന്നു ഗവർണ്ണറുടെ പ്രതികരണം. സിപിഎമ്മിന്റെയും സിപിഐയുടെയും പേരെടുത്തു പറയാതെ ശ്രീധരൻ പിള്ളയും ഇരു പാർട്ടികളെയും വിമർശിച്ചു.
ഗവർണർപദവി വേണ്ടെന്നു പറയുന്ന രണ്ട് പാർട്ടികൾ 1946 മുതൽ 1951 വരെ ഭരണഘടനാ രൂപീകരണ ശ്രമങ്ങളോടു മുഖം തിരിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു. ഷാബാനു കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയോട് ഇടഞ്ഞ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചപ്പോൾ ഡൽഹിയിൽ ആരിഫ് മുഹമ്മദ് ഖാനു സ്വീകരണം നൽകാൻ മുൻകൈ എടുത്തത് ഇഎംഎസ് ആയിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ശ്രീധരൻപിള്ളയുടെ ഗോവ ഗ്രാമ സന്ദർശന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്. അതേസമയം രാജ്ഭവനിലെ നിയമനങ്ങൾക്കു പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാനുള്ള കരട് നിർദേശങ്ങളോടു സർക്കാരിന് എതിർപ്പ്. രാജ്ഭവൻ അയച്ച നിർദേശങ്ങളിൽ പലതും നിലവിലുള്ള നിയമങ്ങൾക്കു വിരുദ്ധമാണെന്ന് സർക്കാർ മറുപടി നൽകി.രാജ്ഭവനിലെ ഏതു തസ്തികയിലും ഗവർണർക്ക് കോ ടെർമിനസ് വ്യവസ്ഥയിൽ ആളുകളെ നിയമിക്കാം എന്ന കരടിലെ നിർദേശം സർക്കാർ തള്ളി. നിർദേശങ്ങളിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫയൽ രാജ്ഭവനിലേക്ക് അയച്ചുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *