കേജ്‌രിവാളിനെ കൊല്ലാൻ ബിജെപി ഗൂഢാലോചന നടത്തുന്നു: ആരോപണവുമായി സിസോദിയ

ന്യൂഡൽഹി∙ ബിജെപിക്ക് എതിരെ അതിരൂക്ഷമായ ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കൊല്ലാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഡൽഹി എംപി മനോജ് തിവാരിക്ക് ഇതിൽ പങ്കുണ്ടെന്നും സിസോദിയ ആരോപിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പിലെയും ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലെയും തോൽവി ഭയന്നാണ് ബിജെപി കേജ്‌രിവാളിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും സിസോദിയ പറഞ്ഞു. എന്നാൽ ഇത്തരം നീക്കങ്ങളിൽ ആം ആദ്മി പാർട്ടി ഭയപ്പെടുന്നില്ലെന്നും സിസോദിയ പറഞ്ഞു.

‘ഗുജറാത്ത്, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ തോറ്റ് തുന്നംപാടുമെന്ന് ഭയന്ന് ബിജെപി അരവിന്ദ് കേജ്‌രിവാളിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണ്. കേജ്‌രിവാളിനെ ആക്രമിക്കാൻ അവരുടെ എംപി മനോജ് തിവാരി പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. അയാളാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാൽ എഎപി ഇത്തരം ഭീഷണികളിൽ ഭയപ്പെടുന്നില്ല. തക്കതായ മറുപടി നൽകും.’ – ഹിന്ദിയിലുള്ള ട്വീറ്റിൽ സിസോദിയ വ്യക്തമാക്കുന്നു.

കേജ്‌രിവാളിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. അഴിമതിയും മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ ‘സീറ്റ് വിൽപ്പനയും’ ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. വ്യാപകമായ അഴിമതിയിലും സുഹൃത്തുക്കൾക്കും ബലാത്സംഗവീരന്മാർക്കും സീറ്റ് വിൽക്കുന്നതിലും ജനങ്ങളും എഎപി പ്രവർത്തകരും കോപാകുലരാണെന്നും കേജ്‌രിവാളിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ട്വീറ്റിൽ പറയുന്നു. എഎപി എംഎൽഎയെ പ്രവർത്തകർ കൈകാര്യം ചെയ്തിരുന്നു. ഡൽഹി മുഖ്യമന്ത്രിക്ക് അതുണ്ടാകാതിരിക്കട്ടെയെന്നും തിവാരിയുടെ ഹിന്ദിയിലുള്ള ട്വീറ്റിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വധഗൂഢാലോചന ആരോപിച്ച് സിസോദിയ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *