കെ വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി

എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ തയാറാക്കിയ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കൊച്ചി പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. അട്ടപ്പാടി ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ അഭിമുഖത്തില്‍ ഹാജരാക്കാനാണ് ഇതു തയാറാക്കിയത്. അഭിമുഖം നടത്തിയ അധ്യാപിക ഫോണ്‍ വഴി സംശയമുന്നയിച്ചതിനെത്തുടര്‍ന്നു മടക്കയാത്രയില്‍ അട്ടപ്പാടി ചുരത്തില്‍ വച്ചു സര്‍ട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്നു വിദ്യ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഫോണിലാണു വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നും വിദ്യ അന്വേഷണസംഘത്തോടു പറഞ്ഞിരുന്നു. ഇതിന്റെ പ്രിന്റ് പാലാരിവട്ടത്തെ കഫേയില്‍നിന്നാണ് ഗൂഗിളിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഗവേഷണ സാമഗ്രികളുടെ കോപ്പി, ബൈന്‍ഡിങ് എന്നിവ വിദ്യ പ്രധാനമായും ഇവിടെ നിന്നാണു ചെയ്തതെന്നു പൊലീസ് പറഞ്ഞു. കഫേ നടത്തിപ്പുകാരന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

ജില്ലാ പൊലീസിലെ സൈബര്‍ വിദഗ്ധന്റെ സഹായത്തോടെയായിരുന്നു പരിശോധന. 2 വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യ അട്ടപ്പാടി കോളജില്‍ ഹാജരാക്കിയതെന്നു പൊലീസ് പറഞ്ഞു. വിദ്യയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവു ലഭിച്ചെങ്കിലും കാലപ്പഴക്കമുള്ളതിനാല്‍ മറ്റു വിവരങ്ങള്‍ കിട്ടിയില്ല. ഇതോടെയാണു വിവരങ്ങള്‍ വീണ്ടെടുക്കാന്‍ അഗളി ഡിവൈഎസ്പി എന്‍.മുരളീധരന്‍ ഗൂഗിളിനെ സമീപിച്ചത്. കാസര്‍കോട് കരിന്തളം ഗവ. കോളജില്‍ ഹാജരാക്കിയ വ്യാജസര്‍ട്ടിഫിക്കറ്റ് തൃക്കരിപ്പൂരിലെ ഒരു അക്ഷയകേന്ദ്രത്തില്‍നിന്നു പ്രിന്റ് എടുത്തതാണെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ കേസില്‍ ഈ മാസംതന്നെ കുറ്റപത്രം നല്‍കാനാണു നീക്കം.

Leave a Reply

Your email address will not be published. Required fields are marked *