കെഎഎസ് അകാലചരമമടയുന്നു

തിരുവനന്തപുരം: സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസ് (കെ.എ.എസ്) അകാലചരമമടയുന്നു. വകുപ്പുകൾ കെ.എ.എസിന് നീക്കിവച്ച തസ്തിക ചുരുക്കണമെന്ന് ആവശ്യപ്പെടുകയും നിലവിലെ ജീവനക്കാരുടെ പ്രൊമോഷൻ തടസപ്പെടുമെന്ന് സംഘടനകൾ പരാതിപ്പെടുകയും ചെയ്തതോടെയാണിത്.

ഇക്കാര്യം മുഖ്യമന്ത്രിയും നിയമസഭയിൽ സമ്മതിച്ചിരിക്കുകയാണ്. കെ.എ.എസിൽ പുതിയ ബാച്ചിനായി വിജ്ഞാപനം പുറപ്പെടുവിക്കാൻ ഒഴിവുകൾ നിലവിലില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. ആദ്യ വിജ്ഞാപനം വന്ന് മൂന്ന് വർഷമായിട്ടും അടുത്ത വിജ്ഞാപനം പുറത്തിറക്കാത്തതിന്റെ കാരണം എന്താണെന്ന നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

ഇതിനോടകം തന്നെ റവന്യൂവകുപ്പിൽ നിന്ന് കെ.എ.എസിനായി നീക്കി വെച്ച ഡെപ്യൂട്ടി കലക്ടർമാരുടെ 17 തസ്തികകൾ 12 ആയി ചുരുക്കിയിട്ടുണ്ട്. ഈ തസ്തികകളിലേക്ക് തഹസീൽദാർമാർക്ക് പ്രൊമോഷൻ ഉറപ്പാക്കാൻ വേണ്ടിയാണ് വെട്ടിച്ചുരുക്കിയത്.

രജിസ്ട്രേഷൻ, തൊഴിൽ, കൃഷി, ഇൻഷ്വറൻസ് വകുപ്പുകളും സമാനമായ കാരണത്താൽ കെ.എ.എസ് നിയമന തസ്തിക ചുരുക്കണമെന്ന് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു മറികടക്കാൻ കൂടുതൽ വകുപ്പുകളെ ഉൾപ്പെടുത്താൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ഇതും പ്രായോഗികമാകില്ല.

29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളുടെയും ജനറൽ സർവിസിലെ ഫിനാൻഷ്യൽ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തികകളുടെയും 10 ശതമാനം ഉൾക്കൊള്ളിച്ചാണ് കെ.എ.എസിന് രൂപം നൽകിയത്. ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയാകുന്നതിനിടെയാണ് നിർത്തുമെന്ന വാർത്ത പുറത്തുവരുന്നത്.

ആദ്യബാച്ചിൽ ഒഴിവുകൾ കണ്ടെത്തി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്താണ് നിയമനം നടത്തിയത്. അടുത്തബാച്ചിലേക്കുള്ള ഒഴിവുകളൊന്നും ഇതുവരെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ഈവർഷം ആദ്യം വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങൾ പി.എസ്.സി. പൂർത്തിയാക്കിയിരുന്നെങ്കിലും സർക്കാരിൽനിന്ന് അനുകൂല നീക്കമുണ്ടാകാത്തതിനാൽ പിന്നീട് മരവിപ്പിച്ചു.

ആദ്യ റാങ്ക് പട്ടിക ഒരു വർഷ കാലാവധി തികഞ്ഞതോടെ കഴിഞ്ഞ മാസം ആദ്യം റദ്ദായി. 562ൽ 108 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഇവരുടെ നിയമനം നടത്തിയാൽ ഈ വകുപ്പുകളിൽ പ്രൊമോഷൻ വരാതെ ഒഴിവുവരില്ല. പ്രൊമോഷനാകട്ടെ 8 -10 വർഷമെടുക്കും. ഇതോടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന നടപടി അനന്തമായി നീളും.

രണ്ടുവർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് കെ.എ.എസിന്റെ വ്യവസ്ഥകളിലുള്ളതെങ്കിലും ആദ്യ പട്ടിക റദ്ദായിട്ടുപോലും പുതിയ വിജ്ഞാപനം ഇറക്കിയിട്ടില്ല.

ആദ്യവിജ്ഞാപനം 2019ലാണ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. 2021ൽ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന രണ്ടാം വിജ്ഞാപനം ഇറങ്ങിയതേയില്ല. അടുത്തവർഷമെങ്കിലും പുതിയ ബാച്ചിന് പ്രവേശനം നൽകണമെങ്കിൽ ഈ വർഷം വിജ്ഞാപനം ഇറങ്ങേണ്ടിയിരുന്നു.

ആദ്യ ബാച്ചിലേക്ക് തസ്തികകൾ കണ്ടെത്തിയതിൽ പിഴവുണ്ടെന്നും അത് പരിഹരിച്ചാലേ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാകൂവെന്ന നിലപാടിലാണ് ഭരണപരിഷ്‌കാര കമ്മിഷൻ. ചട്ടം ഭേദഗതി നിർദേശം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചെങ്കിലും ഒന്നും നടന്നില്ല.

പല വകുപ്പുകളിലെയും മൂന്നാം ഗസറ്റഡ് തസ്തികകൾ എൻട്രി കേഡറായി ഉൾപ്പെട്ടതിലെ അപാകതകൾ പരിഹരിക്കാനാണ് സമിതിയെ നിയോഗിച്ചത്. ചർച്ച പ്രാരംഭഘട്ടത്തിലാണെന്നും ഡിസംബറിന് ശേഷമേ റിപ്പോർട്ട് സമർപ്പിക്കാനാകൂവെന്നുമാണ് സമിതിയുടെ വിശദീകരണം. റിപ്പോർട്ട് ലഭിച്ചാൽത്തന്നെ തുടർ ചർച്ചകളും നടപ്പാക്കാനുള്ള കാലതാമസവും കണക്കാക്കിയാൽ അടുത്ത വർഷവും വിജ്ഞാപനം ഇറങ്ങില്ലെന്ന് നിയമവിദഗ്ധരും പറയുന്നു.

ഈ വർഷം കെ.എ.എസ് മോഹവുമായി പരിശീലനം ആരംഭിച്ച ഉദ്യോഗാർഥികളുടെ ഭാവി ആശങ്കയിലായി. ഇവരിൽ പലരും മോഹം ഉപേക്ഷിച്ച് പരിശീലനം അവസാനിപ്പിച്ചു. സ്ഥാപനങ്ങളാകട്ടെ കെ.എ.എസ് പരിശീലനവും നിർത്തി. പ്രായപരിധി അവസാനിക്കുന്നവരടക്കം ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് പ്രതിസന്ധിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *