കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ട്വിറ്ററില്‍ കൂട്ടരാജി

ന്യൂയോർക്ക്: കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ട്വിറ്ററില്‍ കൂട്ടരാജി. ട്വിറ്റര്‍ മേധാവിയായ ഇലോണ്‍ മസ്‌കിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ജീവനക്കാരാണ് കഴിഞ്ഞ ദിവസം രാജി വെച്ചത്.

ട്വിറ്ററിന്റെ പുതിയ രൂപമായ ട്വിറ്റര്‍ 2.0 വാര്‍ത്തെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജീവനക്കാരുടെ മേല്‍ അങ്ങേയറ്റം ഹാര്‍ഡ്കോര്‍ ആയ തൊഴില്‍സംസ്‌കാരം ഇലോണ്‍ മസ്‌ക് അടിച്ചേല്‍പിച്ചത്. ഇതുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് നൂറുകണക്കിനു ജീവനക്കാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇതോടെ ട്വിറ്ററിന്റെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്വിറ്ററിനെ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സമയപരിധി നോക്കാതെ ജോലി ചെയ്യാന്‍ സന്നദ്ധരായവര്‍ മാത്രം കമ്പനിയില്‍ തുടര്‍ന്നാല്‍ മതിയെന്ന നിലപാടാണ് ഇലോണ്‍ മസ്‌ക് ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ വ്യക്തമാക്കിയത്. കമ്പനിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നെങ്കില്‍, എല്ലാ ജീവനക്കാരും ഗൂഗിള്‍ ഫോമില്‍ നല്‍കിയ സമ്മതപത്രത്തില്‍ യു എസ് സമയം വ്യാഴാഴ്ച വൈകിട്ട് 5 മണിക്കുള്ളില്‍ യെഎസ് എന്ന് അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്യണം എന്നായിരുന്നു മസകിന്റെ നിര്‍ദേശം. യെസ് എന്നു മറുപടി നല്‍കാത്തവരുടെയെല്ലാം അവസാന ജോലി ദിവസമായിരിക്കും വ്യാഴാഴ്ചയെന്നും ഇമെയില്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും വേര്‍പിരിയല്‍ പാക്കേജ് ലഭിക്കുമെന്നും ഇ മെയിലില്‍ അറിയിച്ചിരുന്നു.
ആകെ 7500 ജീവനക്കാരുണ്ടായിരുന്നു കമ്പനിയില്‍ 2900 പേരോളമാണ് ഇനി അവശേഷിക്കുന്നത്. 3700 പേരെ മസ്‌ക് നേരത്തേ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നൂറുകണക്കിനാളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവച്ചത്. ട്വിറ്ററിലൂടെ തന്നെ പരിഹസിച്ചതിന്റെ പേരിലും ചില ജീവനക്കാരെ ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *