കുഞ്ഞായിരുന്നപ്പോള്‍ തട്ടിക്കൊണ്ടുപോയി, അഞ്ച് പതിറ്റാണ്ടിന് ശേഷം കണ്ടെത്തി

ന്യൂയോര്‍ക്ക്: അഞ്ച് പതിറ്റാണ്ട് നീണ്ട അന്വേഷണത്തിനൊടുവില്‍ തങ്ങളുടെ പ്രിയമകളെ കണ്ടെത്തിയ സന്തോഷത്തിലാണ് ഒരു കുടുംബം. കുഞ്ഞായിരുന്നപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം.

മെലസ ഹൈസ്മിത് എന്ന സ്ത്രീയാണ് 51 വര്‍ഷത്തിന് ശേഷം തന്റെ മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. 1971 ഓഗസ്റ്റ് 23ന് കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ച സ്ത്രീ തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുഞ്ഞിന്റെ അമ്മ അല്‍ത്ത അപടെന്‍കോ കുഞ്ഞിനെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് കാട്ടി പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇതനുസരിച്ച് എത്തിയ ഒരു സ്ത്രീയെ ഇവര്‍കുട്ടിയെ നോക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. ജോലിക്ക് പോകേണ്ടിയിരുന്നതിനാല്‍ ഇവര്‍ക്ക് കുട്ടിയെ നോക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് യാതൊരു മുന്‍പരിചയവും ഇല്ലാത്ത ഒരാളെ ഇതിനായി തെരഞ്ഞെടുത്തത്. അപെടെന്‍കോയുടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയാണ് ഇവരെ പരിചയപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇവര്‍ കുഞ്ഞുമായി കടന്ന് കളയുകയായിരുന്നു. ടെക്‌സസിലെ ഫോര്‍ട്ട് വര്‍ത്തില്‍ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

കുഞ്ഞിനെ അമ്മ കൊന്നുകളഞ്ഞതാണെന്ന് പോലും അന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഫോര്ട്ട് വര്‍ത്തില്‍ നിന്ന് 1100 മൈല്‍ അകലെയുള്ള ചാര്‍ലെസ്റ്റണില്‍ കുട്ടിയുണ്ടെന്ന വിവരം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ബന്ധുക്കള്‍ക്ക് കിട്ടിയത്. ഡിഎന്‍എ പരിശോധനയും മെലിസയുടെ ജനന അടയാളങ്ങളും ജന്മദിനവും മറ്റും പരിശോധിച്ച് ഇത് തങ്ങള്‍ക്ക് നഷ്ടമായ മെലിസ തന്നെയാണെന്ന് ഇവര്‍ ഉറപ്പിക്കുകയായിരുന്നു. ഫോര്‍ട്ട് വര്‍ത്തിലെ ഇവരുടെ കുടുംബ ദേവാലയത്തില്‍ വച്ച് നടന്ന ആഘോഷത്തില്‍ മെലിസ അവളുടെ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും എല്ലാം കണ്ടുമുട്ടി. അന്വേഷണസംഘങ്ങള്‍ തങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് മെലിസയുടെ സഹോദരി ഷാരോണ്‍ ഹൈസ്മിത്ത് പറഞ്ഞു. മെലിസയ്ക്ക് കുടുംബത്തോടൊപ്പം നഷ്ടമായ അമ്പത് വര്‍ഷങ്ങള്‍ നല്‍കുകയാണ് ഇനി തങ്ങളുടെ കടമയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *