കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടു: യുഎൻ റിപ്പോർട്ട്

ന്യൂയോർക്ക്: ഇന്ത്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികൾ ആക്രമിക്കാൻ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യൻ ശാഖയായ ഇസ്‍ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാനെ (ഐഎസ്ഐഎൽ–കെ) പദ്ധതിയിട്ടതായി യുഎൻ റിപ്പോർട്ട്.

ഐഎസ്ഐഎൽ–കെയുടെ ഭീഷണി സംബന്ധിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. മധ്യ– ദക്ഷിണേഷ്യ നേരിടുന്ന ഭീഷണിയെപ്പറ്റിയുള്ള റിപ്പോർട്ട് യുഎൻ ഭീകരവിരുദ്ധ ഓഫിസിന്റെ അണ്ടർ സെക്രട്ടറി ജനറൽ വ്ലോഡിമിർ വൊറൊൻകോവ് ആണ് അവതരിപ്പിച്ചത്.

താലിബാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കാനും ജനങ്ങൾക്ക് സുരക്ഷ നൽകാൻ താലിബാൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് വരുത്തിത്തീർക്കാനും വേണ്ടിയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ കാബൂളിലെ റഷ്യൻ എംബസിക്കു നേരെ നടന്ന ആക്രമണവും ഇതിന്റെ ഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. താലിബാൻ ഭരണമേറ്റെടുത്തപ്പോൾ പൂട്ടിയ കാബൂളിലെ ഇന്ത്യൻ എംബസി 10 മാസത്തിനു ശേഷം സാങ്കേതിക വിഭാഗം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിയാണ് പ്രവർത്തനം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *