കറുപ്പിനോട് മയമായി

കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെ കറുപ്പ് വിലക്കിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ നിലപാട് മയപ്പെടുത്തി പൊലീസ്. ഇന്നലെ ഉച്ചയ്ക്കു ശേഷം കോഴിക്കോട് ജില്ലയില്‍ നടന്ന രണ്ടു പരിപാടികളിലും കറുപ്പ് വസ്ത്രം ധരിച്ചവരും അകത്തുകയറി.

കൈതപ്പൊയില്‍ മര്‍കസ് നോളജ് സിറ്റിയിലെ പരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത് കറുപ്പ് ടീഷര്‍ട്ട് ധരിച്ച വൊളന്റിയര്‍മാരുടെ സംഘമായിരുന്നു. ഇവിടെ പൊലീസ് പരിശോധനയ്ക്കും പതിവ് കടുപ്പമുണ്ടായിരുന്നില്ല. കറുപ്പ് ധരിച്ചവരും അകത്തു കയറി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ബ്ലോക്ക് ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയവരെ പൊലീസ് കര്‍ശന പരിശോധന നടത്തിയാണ് അകത്തേക്കു കയറ്റിയത്. എന്നാല്‍ കറുപ്പ് വസ്ത്രം ധരിച്ചവരെ തടഞ്ഞില്ല. ഇന്നലെ രാവിലെ കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ചടങ്ങിലെ കറുപ്പ് വിലക്ക് വാര്‍ത്തയായതോടെയാണ് ഉച്ചയ്ക്കു ശേഷം പൊലീസ് നിലപാട് മയപ്പെടുത്തിയത്. അവിടെ ആദ്യം കറുപ്പ് വിലക്കിയെങ്കിലും പ്രതിഷേധമുയര്‍ന്നപ്പോള്‍ പൊലീസ് നിലപാടു മാറ്റി. അതേസമയം, കറുപ്പു വസ്ത്രമണിഞ്ഞെത്തിയ യുഡിഎസ്എഫ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു.

കറുപ്പ് വസ്ത്രമണിഞ്ഞവരെയും മാസ്‌കണിഞ്ഞവരെയും കനത്ത വെയിലില്‍ കറുത്ത കുട ചൂടി വന്നവരെയും പൊലീസ് തടഞ്ഞതോടെ കുടയുമായി വന്ന സ്ത്രീകളില്‍ ചിലര്‍ പ്രതിഷേധിച്ചു.ആരു പറഞ്ഞിട്ടാണ് തടയുന്നതെന്നു ചോദിച്ചപ്പോള്‍, മുകളില്‍ നിന്നുള്ള നിര്‍ദേശമാണെന്നായിരുന്നു മറുപടി. ഇതു ചാനലുകളില്‍ വാര്‍ത്തയായതോടെയാണ് പൊലീസ് നിലപാട് മയപ്പെടുത്തിയതും കറുത്ത വസ്ത്രമണിഞ്ഞവര്‍ക്കടക്കം പ്രവേശനം അനുവദിച്ചതും. കരുതല്‍ തടങ്കലിലാക്കിയ യുഡിഎസ്എഫ് നേതാക്കളെ മുഖ്യമന്ത്രി വേദി വിട്ട ശേഷമാണു മോചിപ്പിച്ചത്. പലയിടത്തും കറുത്ത വസ്ത്രമണിഞ്ഞവരെ പൊലീസ് വഴിയില്‍ തടഞ്ഞുവച്ചതിനിടയിലും 5 കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.

താമരശ്ശേരി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസും മലാപ്പറമ്പിലും മുണ്ടിക്കല്‍താഴത്തും യുവമോര്‍ച്ച പ്രവര്‍ത്തകരുമാണു കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം ഭയന്നു വിവിധ കേന്ദ്രങ്ങളില്‍ പ്രതിപക്ഷ യുവജന, വിദ്യാര്‍ഥി സംഘടനാ നേതാക്കളായ ഇരുപതോളം പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. പൊലീസ് കരുതല്‍ തടങ്കലിലാക്കിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റുമാരെ ഡിസിസി പ്രസിഡന്റ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെ വിട്ടയച്ചു. മുണ്ടിക്കല്‍ത്താഴത്ത് കരിങ്കൊടി കാണിക്കാനെത്തിയ യുവമോര്‍ച്ച വനിതാ നേതാവിനെ പുരുഷ പൊലീസുകാര്‍ പിടിച്ചുമാറ്റിയത് വിവാദവുമായി.

Leave a Reply

Your email address will not be published. Required fields are marked *