‘കമ്യൂണിസ്റ്റ് പാർട്ടി മടുത്തു, ഷിയെ മടുത്തു’: കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ചൈനയിൽ പ്രതിഷേധം

ഷാങ്ഹായ്: മൂന്നു വർഷമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചൈനയിലെ ഷാങ്‌ഹായിൽ പ്രതിഷേധം. വ്യാഴാഴ്ച സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംകിയിലെ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ലോക്ഡൗണിൽ കെട്ടിടം ഭാഗികമായി അടച്ചിട്ടതിനാൽ താമസക്കാർക്ക് രക്ഷപ്പെടാനായില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.

ഞായറാഴ്ച പുലർച്ചെയാണ് ചൈനയുടെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിൽ ഒരുകൂട്ടം ആളുകളുടെ പ്രതിഷേധപ്രകടനം അരങ്ങേറിയത്. ‘ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ മടുത്തു, ഷി ചിൻപിങ്ങിനെ മടുത്തു, ഉംറുകിയെ സ്വതന്ത്രമാക്കൂ’ എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങൾ.

ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച 39,791 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 31,709 പേർക്ക് രോഗലക്ഷണങ്ങളില്ല. 2019ൽ ആദ്യമായി വുഹാനിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കേസാണിത്. 2019 ഏപ്രിൽ 13ന് 28,000 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

മരണം കുറവാണെങ്കിലും നിരക്ക് കൂടിവരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. 66 ലക്ഷം പേർ താമസിക്കുന്ന ഷെങ്‌ഷോവിലെ എട്ട് ജില്ലകളിലെ ജനങ്ങളോട് അടുത്ത അഞ്ചു ദിവസത്തേക്ക് ഭക്ഷണത്തിനോ ചികിത്സയ്ക്കോ അല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശിച്ചു. രാജ്യത്തെ പല പ്രവിശ്യകളിലെയും ജനങ്ങളോട് കഴിയുന്നത്ര വീടുകളിൽത്തന്നെ കഴിയാനാണു നിർദേശം. ഷോപ്പിങ് മാളുകളും ഓഫിസുകളും ഏറെയും അടച്ചിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *