കപ്പിനരികെ ഇന്ത്യ

ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സാഫ് ഫുട്‌ബോള്‍ സെമി പോരാട്ടത്തില്‍ ലബനനെ തോല്‍പ്പിച്ച് നീലപ്പട. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലെബനനെ രണ്ടിനെതിരെ നാല് ഗോളിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ കുവൈത്താണ് ഇന്ത്യയുടെ എതിരാളികള്‍. സെമിഫൈനല്‍ മത്സരത്തില്‍ ആദ്യ രണ്ടു പകുതിയിലും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും ഒരു ഗോള്‍ പോലും അടിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയത്. തുടര്‍ന്ന് നടന്ന ആവേശ ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ടീമിനായി നായകന്‍ സുനില്‍ ഛേത്രിയും അന്‍വര്‍ അലിയും മഹേഷ് സിംഗും ഉദാന്ത സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ലെബനെന്‍ താരങ്ങളെടുത്ത കിക്കുകള്‍ പാഴാവുകയായിരുന്നു.

മുഹമ്മദ് സാദേക്, വാലിദ് ഷോര്‍ എന്നിവരുടെ കിക്കുകള്‍ മാത്രമാണ് വലയിലെത്തിയത്. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം 4-2ന്റെ ജയത്തോടെ ഫൈനലിലേക്ക് കുതിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാര്‍ എന്ന ആത്മവിശ്വാസത്തോടെയാണ് ലബനന്‍ സെമിഫൈനലിന് ഇറങ്ങിയത്. ഗ്രൂപ്പ് എയില്‍ കുവൈത്തിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സുനില്‍ ഛേത്രിയും സംഘവും സെമിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ മാസം നടന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫൈനലില്‍ ലബനനെ 20ന് തോല്‍പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഈ കണക്കു തീര്‍ക്കാന്‍ ഉറപ്പിച്ചായിരുന്നു ലബനന്റെ വരവ്. മത്സരത്തിലുടനീളം നിരവധി അവസരങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. പലപ്പോഴും ഗുര്‍പ്രീതിന്റെ മികച്ച സേവുകളാണ് ഇന്ത്യയെ രക്ഷിച്ചത്. ആദ്യ സെമിഫൈനലില്‍ ബംഗ്ലദേശിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് കുവൈത്ത് ഫൈനലില്‍ പ്രവേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *