കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസിന്റെ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി

കണ്ണൂർ: വിമാനത്താവളത്തിലെ കസ്റ്റംസിന്റെ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പോലീസ് പിടികൂടി. ഒരു കിലോയിലധികം സ്വർണമാണ് പിടികൂടിയത്.

കാസർഗോഡ് കുമ്പള സ്വദേശികളായ താഹിർ, തംസീർ എന്നിവരെയാണ് സ്വർണവുമായി പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം മട്ടന്നൂർ എയർപോർട്ട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി യാത്രക്കാർ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ താഹിർ, അബുദാബിയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ തംസീർ എന്നിവരുടെ ബാഗേജുകളിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.

കസ്റ്റംസിന്റെ ചെക്കിംഗ് പരിശോധനയ്ക്ക് ശേഷം പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ നിന്നു പുറത്ത് ഇറങ്ങിയ ഇരുവരെയും വ്യത്യസ്ത സമയങ്ങളിലായാണ് പിടികൂടിയത്. സംശയം തോന്നിയതിനെ തുടർന്നു പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ബാഗേജുകൾക്കുള്ളിലുണ്ടായിരുന്ന ഹാർഡ് ബോർഡ് പെട്ടിക്കുള്ളിൽ കടലാസ് പോലെയാക്കി പതിച്ച നിലയിലും ഹാംഗറിനുള്ളിൽ പൊടി പോലെയാക്കിയും ടേപ്പിനുള്ളിലും മറ്റുമായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. മണിക്കൂറോളം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പിടികൂടിയ സ്വർണം വേർതിരിച്ചെടുത്താൽ മാത്രമേ എത്ര ഗ്രാം ഉണ്ടാകുമെന്നറിയുകയുള്ളു. പിടികൂടിയ സ്വർണവും യാത്രക്കാരെയും കസ്റ്റംസിനു കൈമാറും. വിമാനത്താവള പരിസരത്ത് നിന്നു നിരവധി തവണയാണ് പോലീസ് സ്വർണക്കടത്തുക്കാരെ പിടികൂടുന്നത്.

Tag

Leave a Reply

Your email address will not be published. Required fields are marked *