ഒലയിലെ ജീവനക്കാരനായി നായ; ഐഡി കാര്‍ഡും വിവരങ്ങളും പങ്കുവെച്ച് കമ്പനി

ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒലയിലെ പുതിയ ഒരു ജീവനക്കാരന്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ താരമാണ്. ഒരു കമ്പനിയിലെ ജീവനക്കാരന്‍ ഇത്രകണ്ട് ആഘോഷിക്കപ്പെടണമെങ്കില്‍ എന്തെങ്കിലും ഒരു സവിശേഷത കാണുമെന്നത് ഉറപ്പാണ്. മറ്റൊന്നുമല്ല, ഒലയുടെ മേധാവി ഭവീഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം നിയമിച്ച പുതിയ ജീവനക്കാരന്‍ ഒരു നായയാണ്. അദ്ദേഹം തന്നെയാണ് പുതിയ ജീവനക്കാരന്റെ വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതും. ബിജിലി എന്നാണ് പുതിയ ജീവനക്കാരനായ നായയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇലക്ട്രിസിറ്റി എന്നാണ് ഈ പേരിന്റെ അര്‍ഥം. ബിജിലിയെ ജീവനക്കാരനായി അംഗീകരിച്ചതിനൊപ്പം ഒല ഇലക്ട്രിക്കിന്റെ ഐഡി കാര്‍ഡും നായയ്ക്ക് നല്‍കിയിട്ടുണ്ട്. പേരും ഫോട്ടോയും ഉള്‍പ്പെടെയാണ് ഐഡി കാര്‍ഡ് ഒരുക്കിയിരിക്കുന്നത്. 440 വി എന്നാണ് എംപ്ലോയി കോഡ്. രക്തഗ്രൂപ്പായി പി.എ.ഡബ്ല്യു പോസിറ്റീവ്, എമര്‍ജന്‍സി കോണ്ടാക്ട് നമ്പറിന്റെ സ്ഥാനത്ത് ബി.എ. ഓഫീസ് എന്നുമാണ് നല്‍കിയിട്ടുള്ളത്. കമ്പനിയുടെ മെസേജിങ്ങ് സംവിധാനമായി സ്ലാക്കാണ് ബിജിലിയുടെ കോണ്ടാക്ട് വിവരമായി നല്‍കിയിട്ടുള്ളത്. ഐ.ഡി. കാര്‍ഡില്‍ നല്‍കിയിട്ടുള്ള അഡ്രസിന്റെ അടിസ്ഥാനത്തില്‍ ഒലയുടെ കോറമംഗലയിലുള്ള ഓഫീസിലാണ് ബിജിലിയുടെ സാന്നിധ്യമെന്നാണ് സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി തന്നെ പുതിയ സഹപ്രവര്‍ത്തകനായി എന്ന കുറിപ്പോടെയാണ് ഭവീഷ് അഗര്‍വാള്‍ നായയുടെ ഐഡി കാര്‍ഡും മറ്റ് വിവരങ്ങളും പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. എന്നാല്‍, ഇത് ആദ്യമായല്ല അദ്ദേഹം ഒലയുടെ ഓഫീസും നായയുമായുള്ള ബന്ധം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. മുമ്പ്, ഒലയുടെ ഓഫീസിലെ സോഫയില്‍ മൂന്ന് നായകള്‍ കിടന്നുറങ്ങുന്നത് അദ്ദേഹം പങ്കുവെച്ചിരുന്നു. രാവിലെ ഓഫീസില്‍ എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം അന്ന് ആ ചിത്രം പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *