ഒറ്റ ദിവസം അദാനിക്ക് നഷ്ടം 90,000 കോടി; റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നെന്ന് ഹിൻഡൻബർഗ്

മുംബൈ: അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ‌ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ്. റിപ്പോര്‍ട്ടിലുന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാന്‍ തയാറാണെന്നും അവർ വ്യക്തമാക്കി.

വിശദമായ രേഖകളുടെ പിൻബലത്തിലാണ് റിപ്പോർട്ട്. നിയമനടപടിക്ക് അദാനി മുതിരുന്നതിൽ കഴമ്പില്ലെന്നും ഹിൻഡൻബർ അറിയിച്ചു. റിപ്പോർട്ട് നിക്ഷേപകരിൽ അനാവശ്യഭീതി ഉണ്ടാക്കിയെന്നാരോപിച്ച് അദാനി ഗ്രൂപ്പ് നിയമ നടപടിക്കൊരുങ്ങവെയാണ് ഹിൻഡൻബർഗ് നിലപാട് വ്യക്തമാക്കിയത്.

അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ചിന്‍റെ പ്രധാന കണ്ടെത്തൽ. ഈ ഓഹരികൾ വച്ച് വൻ തുക വായ്പ എടുത്തെന്നും അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഒറ്റ ദിവസം ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകർ ഓഹരികൾ വിറ്റൊഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും വീഴ്ച തടയാനായില്ല.

രണ്ടാമതൊരു വാർത്താക്കുറിപ്പ് ഇറക്കി നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ‘‘ഓഹരി വിപണിയിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാനായി അദാനി എന്‍റർപ്രൈസസിന്‍റെ എഫ്പിഒ നടക്കാൻ പോകുന്നു ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ്. വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കാനാകില്ല. ഇന്ത്യയിലേയും യുഎസിലേയും നിയമ സാധ്യതകൾ പരിശോധിക്കും.’’– അദാനി ഗ്രൂപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *