ഐഎന്‍എസ് വിക്രാന്തിന് ശേഷം രണ്ടാമത്തെ വിമാനവാഹിനിയുടെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ചു; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്തിന് ശേഷം രണ്ടാമത്തെ വിമാനവാഹിനി കപ്പലിന്റെ നിര്‍മ്മാണം രാജ്യത്ത് ആരംഭിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അജണ്ട ആജ് തക് പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തിടെ ഐഎന്‍എസ് വിക്രാന്ത് പുറത്തിറക്കിയതോടെ കപ്പല്‍ നിര്‍മ്മിക്കുന്ന ലോകത്തെ ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും രാജ്‌നാഥ് സിങ് അവകാശപ്പെട്ടു. രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ നമുക്ക് ഒരു സൂചി പോലും നിര്‍മ്മിക്കാനാകുമായിരുന്നില്ല. എന്നാല്‍ 2022ല്‍ എത്തിനില്‍ക്കുമ്പോള്‍ നാം സ്വന്തമായി ഒരു വിമാനവാഹിനി കപ്പല്‍ തന്നെ നിര്‍മ്മിച്ച് ലോകത്തിന് മാതൃകയായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമുക്ക് ഇത്തരമൊരു കാര്യം ചെയ്യാനാകുമെന്ന് ആര്‍ക്കും സ്വപ്‌നം കാണാന്‍ പോലും കഴിയുമായിരുന്നില്ല.

അമേരിക്ക,ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയും സ്വന്തമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നു. രണ്ടാമത്തേതിന്റെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം 75ശതമാനവും തദ്ദേശീയമായി തന്നെയാണെന്ന കാര്യവും അദ്ദേഹം അടിവരയിട്ട് ആവര്‍ത്തിച്ചു. രാജ്യത്ത് നിലവില്‍ രണ്ട് വിമാനവാഹിനി കപ്പലുകളാണുള്ളത്. റഷ്യന്‍ നിര്‍മ്മിത ഐഎന്‍എസ് വിക്രാമാദിത്യയും തദ്ദേശീയമായി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്തും. നാല്‍പ്പതിനായിരം ടണ്‍ കേവുഭാരമുള്ള വിമാനവാഹിനിക്കപ്പലാണിത്.

ടാറ്റ എയര്‍ബസ് യാത്രാ വിമാനം നിര്‍മ്മിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. ഇത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഇക്കൊല്ലം രാജ്യത്തെ പ്രതിരോധ കയറ്റുമതി പതിനാലായിരം കോടി കടന്നുവെന്നും മന്ത്രി അറിയിച്ചു. 2023 അവസാനത്തോടെ ഇത് പത്തൊന്‍പതിനായിരം കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 2025ഓടെ ഇത് ഇരുപത്തയ്യായിരം കോടിയിലെത്തിക്കാനും ഉദ്ദേശിക്കുന്നുവെന്ന് രാജ് നാഥ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *