ഏകീകൃത സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി

ഏകീകൃത സിവില്‍ കോഡ് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതേക്കുറിച്ചുള്ള ഏത് ചര്‍ച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കാം. ‘ഒരു രാഷ്ട്രം ഒരു സംസ്‌കാരം’ എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയാണ് നീക്കം.

ഏകീകൃത സിവില്‍ കോഡിനുപകരം വ്യക്തിനിയമങ്ങളിലെ വിവേചനപരമായ സമ്പ്രദായങ്ങളുടെ പരിഷ്‌കരണത്തിനും ഭേദഗതികള്‍ക്കും അനുകൂലമായ ശ്രമങ്ങളാണുണ്ടാവേണ്ടത്. അത്തരം ശ്രമങ്ങള്‍ക്ക് ആ വിശ്വാസ സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണ്. എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളിലൂടെയാണ് അതുണ്ടാകേണ്ടത്. ഏതൊരു മതത്തിലെയും പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ അവയ്ക്കകത്തുനിന്നാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പെട്ടെന്നൊരു എക്‌സിക്യുട്ടീവ് തീരുമാനത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇത്.

ഏകീകൃത സിവില്‍ കോഡ് ഈ ഘട്ടത്തില്‍ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്ന് ലോ കമ്മീഷന്‍ 2018 ല്‍ വിലയിരുത്തിയിരുന്നു. ആ നിലപാടില്‍ നിന്നും വ്യതിചലിക്കേണ്ട സാഹചര്യം പെട്ടെന്ന് എങ്ങനെ ഉണ്ടായെന്ന് പുതിയ നീക്കത്തിന്റെ വക്താക്കള്‍ വിശദീകരിക്കണം. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും നിയമ കമീഷനും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *