‘എലിഫന്റ് വിസ്പറേഴ്‌സ്’ നിര്‍മ്മാതക്കള്‍ക്കെതിരെ ബെല്ലിയും ബൊമ്മനും

ഓസ്‌കര്‍ അവാര്‍ഡില്‍ ഏറ്റവും മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ട ‘എലിഫന്റ് വിസ്പറേഴ്‌സ്’ നിര്‍മ്മാതക്കള്‍ക്കെതിരെ ആരോപണവുമായി ബെല്ലിയും ബൊമ്മനും. തമിഴ്‌നാട് മുതുമല ദേശീയോദ്യാനത്തില്‍ നിന്നുള്ള ബെല്ലി-ബൊമ്മന്‍ ദമ്പതികളുടെയും അവര്‍ വളര്‍ത്തുന്ന ആനക്കുട്ടികളുടെയും കഥയായിരുന്നു ചിത്രം. ഓസ്‌കാര്‍ പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ നിര്‍മ്മാതകള്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഈ ദമ്പതികള്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദമ്പതികളുടെ വെളിപ്പെടുത്തല്‍.

നിര്‍മ്മാതാക്കളായ ഗുനീത് മോംഗയുടെ സിഖ്യ എന്റര്‍ടെയ്ന്‍മെന്റും സംവിധായിക കാര്‍ത്തികി ഗോണ്‍സല്‍വസും തങ്ങളെ മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്‌തെന്നാണ് ഇവരുടെ ആരോപണം. ചിത്രീകരണ സമയം തങ്ങളുമായി കാര്‍ത്തികി നല്ല ബന്ധം പുലര്‍ത്തിയെന്നും ഓസ്‌കര്‍ ലഭിച്ചതിന് ശേഷം തിരിഞ്ഞുനോക്കിയില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഡോക്യുമെന്ററിയിലെ വിവാഹ രംഗത്തിന്റെ ചിത്രീകരണത്തിനായുള്ള ചിലവുകള്‍ വഹിക്കാന്‍ ആവശ്യപ്പെട്ടു. പണം തിരികെ നല്‍കാം എന്നുളള ഉറപ്പില്‍ കൊച്ചുമകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി കരുതിയ പണം ചിത്രീകരണത്തിനായി നല്‍കി. എന്നാല്‍ പിന്നീട് ഇവര്‍ തങ്ങളെ കാണാന്‍ വന്നില്ലെന്നും ഫോണ്‍ ചെയ്യുമ്പോള്‍ തിരക്കിലാണെന്നും തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഒഴിവാക്കിയെന്നുമാണ് ആരോപണം.

അവാര്‍ഡിന് ശേഷം മുംബൈയിലേക്ക് ക്ഷണിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്ന് തിരികെ വീട്ടിലെത്താന്‍ പണമില്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ യാത്രാക്കൂലി ചോദിച്ചു കാര്‍ത്തിയെ വിളിച്ചു. എന്നാല്‍ തന്റെ കൈയ്യിലില്ലെന്നും ഉടനെ സംഘടിപ്പിച്ച് തരാമെന്നുമായിരുന്നു കാര്‍ത്തികിയുടെ മറുപടി. പിന്നീട് കാര്‍ത്തികി പ്രതിഫലം അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അറുപത് രൂപ മാത്രമാണ് അതിലുണ്ടായിരുന്നത്. ഇക്കാര്യമറിയിച്ചപ്പോള്‍ തങ്ങള്‍ അത് ചെലവഴിച്ചു കാണും എന്നാണ് മറുപടി നല്‍കിയത്.
ആനകളെ സംരക്ഷിക്കേണ്ടതിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുക, വനംവകുപ്പിന്റെയും ബൊമ്മന്‍-ബെല്ലി ദമ്പതികളുടെയും ശ്രമങ്ങളെ അംഗീകരിക്കുക എന്നിവയായിരുന്നു ‘എലിഫന്റ് വിസ്പറേഴ്സി’ന്റെ പ്രാഥമിക ലക്ഷ്യം എന്നാണ് മറുപടിയായി നിര്‍മ്മാതാക്കള്‍ പ്രസ്താവനയിറക്കിയത്. അതേസമയം ദമ്പതികളുടെ ആരോപണങ്ങളോട് നിര്‍മ്മാതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *