എറണാകുളം ജില്ലയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണമേറി

കൊച്ചി: ബ്രഹ്‌മപുരത്തെ പുക പടര്‍ന്നതോടെ എറണാകുളം ജില്ലയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണമേറി. മാലിന്യ പ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരുന്നു. അഗ്‌നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനത്തിലൊന്നാണ് ബ്രഹ്‌മപുരത്ത് നടക്കുന്നത്.

കൊച്ചി നഗരത്തിലെയും സമീപ പ്രദേശത്തെയും ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയവരുടെ എണ്ണം 300-ല്‍ അധികമാണെന്നാണ് അനൗദ്യോഗിക കണക്ക്. ശ്വാസകോശ വിഭാഗത്തിലും ജനറല്‍ ഒ.പി.യിലും ശിശുരോഗ വിഭാഗത്തിലുമാണ് കൂടുതല്‍ പേര്‍ ചികിത്സ തേടിയത്. ശ്വാസ തടസ്സം, ശ്വാസംമുട്ടല്‍, ഛര്‍ദി, വയറിളക്കം തലവേദന, തൊണ്ടവേദന, ചൊറിച്ചില്‍, ദേഹാസ്വാസ്ഥ്യം തുടങ്ങിയ രോഗ ലക്ഷണങ്ങളുമായാണ് കൂടുതല്‍ പേരും ചികിത്സ തേടിയെത്തുന്നത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിടും.

സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ ജില്ലാ ആരോഗ്യ വകുപ്പിനു നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, ആരോഗ്യവകുപ്പ് ഇത് പുറത്തുവിടുന്നില്ല. ബ്രഹ്‌മപുരം സബ് സെന്റര്‍ 34, വടവുകോട് ആശുപത്രി 10, തൃപ്പൂണിത്തുറ ഗവ. ആശുപത്രി 20, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 13, തൃക്കാക്കര സഹകരണ ആശുപത്രിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമായി 18 പേര്‍ ചികിത്സ തേടി. ഇതിനു പുറമേ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ഇരുനൂറിലധികം പേര്‍ ചികിത്സ തേടിയതായാണ് കണക്ക്. ആസ്ത്മയും അനുബന്ധ അസുഖങ്ങളുമുള്ളവരും ഹൃദയസംബന്ധമായ അസുഖമുള്ളവരുമാണ് ചികിത്സ തേടിയവരില്‍ കൂടുതല്‍. മറ്റ് ജില്ലകളില്‍നിന്നെത്തി നഗരത്തിലും പരിസരത്തും മക്കള്‍ക്കൊപ്പം താമസിക്കുന്ന പ്രായമേറിയ പലരും ശ്വാസംമുട്ടലിനെ തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങി.

കുന്നത്തുനാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പിണര്‍മുണ്ടയില്‍ ഇര്‍ഷാദ് ലിബാദ് മദ്രസ ഹാളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ബ്രഹ്‌മപുരത്തുനിന്നും സമീപ പ്രദേശങ്ങളില്‍നിന്നുമായി 140-ലധികം പേര്‍ പങ്കെടുത്തു. വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ക്കാണ് ഇവര്‍ ചികിത്സ തേടിയത്. അതേ സമയം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനല്‍ വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം. ഇതിനായി 30 ഫയര്‍ എഞ്ചിനുകള്‍ ബ്രഹ്‌മപുരത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഹെലികോപ്റ്ററില്‍ നിന്ന് ആകാശമാര്‍ഗവും വെള്ളം ഒഴിക്കുന്നുണ്ട്. അഗ്‌നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനത്തിലൊന്നാണ് ബ്രഹ്‌മപുരത്ത് നടക്കുന്നത്.

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്‌നി രക്ഷാപ്രവര്‍ത്തകര്‍ പുക ശമിപ്പിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്. 70 ശതമാനം പ്രദേശത്തും പുക പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിന് തീപിടിച്ച പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *