എക്‌സ് മേധാവി ഇലോണ്‍ മസ്‌കും മെറ്റയുടെ മേധാവി മാര്‍ക് സക്കര്‍ ബര്‍ഗും ചേര്‍ന്ന യുദ്ധം ഉടന്‍

യുദ്ധങ്ങളും മല്‍സരങ്ങളും എന്നും എല്ലാവര്‍ക്കും നാശമാണ് നല്‍കാറുള്ളത്. എന്നാല്‍ മല്‍സരയുദ്ധത്തില്‍ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് ചാരിറ്റി നടത്തുകയാണെങ്കില്‍ ആ യുദ്ധം കൊണ്ടൊരു ഉപകാരമുണ്ട്. അത്തരത്തിലൊരു യുദ്ധം നടക്കാന്‍ പോവുകയാണ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കും മെറ്റയുടെ മേധാവി മാര്‍ക് സക്കര്‍ ബര്‍ഗും ചേര്‍ന്ന്. മസ്‌കിനോട് പോരാടാന്‍ താന്‍ ‘ഇന്നാണെങ്കിലും തയ്യാറാണ്’ എന്നാണ് മാര്‍ക് സക്കര്‍ബര്‍ഗ് പറയുന്നത്. ഓഗസ്റ്റ് 26 ആണ് യുദ്ധത്തിനായി സക്കര്‍ബര്‍ഗ് നിര്‍ദ്ദേശിച്ച സമയം. യുദ്ധത്തിനായുള്ള കാത്തിരിപ്പിലിരിക്കുന്ന ടെക് ലോകത്തിന് എക്‌സിലൂടെ സംഭവത്തിന്റെ ലൈവും ഉണ്ടാകും. സക്കര്‍ബര്‍ഗുമായി പോരാട്ടത്തിന് തയ്യാറാണെന്ന ട്വീറ്റ് ജൂണ്‍ 20നാണ് മസ്‌ക് പങ്കുവച്ചത്. മസ്‌ക്കിന്റെ വെല്ലുവിളി സ്വീകരിച്ച സക്കര്‍ബര്‍ഗ് മത്സരത്തിന് എവിടെയാണ് താന്‍ എത്തേണ്ടതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു. മസ്‌ക് നിര്‍ദേശിച്ചത് ‘വേഗസ് ഒക്ടഗണ്‍’ എന്ന മിക്‌സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരാട്ടവേദിയാണ്. പിന്നീട് മസ്‌ക് വേദി മാറ്റി റാമിലെ കൊളോസിയത്തിലാവണമെന്ന് പറഞ്ഞു. മരണംവരെ പോരാട്ടം നടന്ന ചരിത്രമുളള ഇടത്തിലാകണമെന്നതിനാലാണ് ഈ നിര്‍ദേശം. കാഴ്ച്ചക്കാര്‍ക്കായി ടിക്കറ്റ് വച്ചാകുമോ ഈ യുദ്ധമെന്നതില്‍ വ്യക്തത വന്നിട്ടില്ല. മത്സരത്തില്‍നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മസ്‌ക് പറയുമ്പോള്‍, ഇതിനായി കൂടുതല്‍ വിശ്വസനീയമായ പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്ന് ഇരുവരും മത്സരിച്ച് അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അരശും മൂട്ടില്‍ അപ്പുക്കുട്ടനും തൈപ്പറമ്പില്‍ അശോകനും കാവിലെ പാട്ടുമത്സരത്തില്‍ ഏറ്റുമുട്ടിയത് പോലൊരു മല്‍സരത്തിനായി കാത്തിരിക്കുകയാണ് സൈബര്‍ ഇടമിപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *