എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

കൊച്ചി: ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്.

കഴിഞ്ഞ മാസം 31നാണു ശിവശങ്കര്‍ സര്‍വീസില്‍ നിന്നു വിരമിച്ചത്. ഇഡിയുടെ കൊച്ചി ഓഫിസില്‍ വെള്ളി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണു ശിവശങ്കറെ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, ഇപ്പോള്‍ ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സികളില്‍ എന്‍ഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേര്‍ക്കാത്തത്. വൈദ്യ പരിശോധനകള്‍ക്കു ശേഷം ശിവശങ്കറിനെ ഇന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴികളാണു കേസില്‍ ഇഡി ശിവശങ്കറെ പ്രതി ചേര്‍ക്കാന്‍ കാരണമായത്. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ച പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായര്‍, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്നു നിര്‍മാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.youtalk kochi

Leave a Reply

Your email address will not be published. Required fields are marked *