എം.എ യൂസഫലിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്

ന്യൂഡൽഹി: പ്രവാസി വ്യവസായിയും ലുലു ഗ്രുപ്പിന്റെ ഉടമയുമായ എം.എ യൂസഫലിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഈ മാസം 16 ന് ഹാജരാകാനാണ് സമന്‍സ്.

ലൈഫ് മിഷന്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇ ഡി യുടെ നടപടി. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വ്യാഴാഴ്ച യൂസഫലി ഹാജരാകണം എന്നു കാണിച്ചാണ് സമന്‍സ് നല്‍കിയിരിക്കുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് നല്‍കിയ നോട്ടീസ് അനുസരിച്ച് യൂസഫലി മാര്‍ച്ച് 1ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയിരുന്നു. എന്നാല്‍ ഹാജരായിരുന്നില്ല. ഇതോടെയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും സമന്‍സ് നല്‍കിയത്.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ മൊഴിയും യു എ ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മുന്‍ കൂടിക്കാഴ്ച്കളുടെയും വിവരങ്ങളാണ് ഇ ഡി യൂസഫലിയിൽ നിന്ന് തേടുക എന്നാണ് സൂചന.ഇ ഡിയുമായി സഹകരിക്കണമെന്നും അല്ലാത്ത പക്ഷം മണി ലോണ്ടറിങ് ആക്ട് പ്രകാരം നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും സമന്‍സിലുണ്ട്. ശിവശങ്കറും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് യൂസഫലിയില്‍ നിന്നും ഇ ഡി വിവരങ്ങള്‍ തേടുന്നത്.

ഇ ഡി സമന്‍സ് അയച്ചതിനെ കുറിച്ച് അത് റിപ്പോര്‍ട്ട് ചെയ്തവരോട് ചോദിക്കണമെന്ന് എം എ യൂസഫലി ദുബായില്‍ പ്രതികരിച്ചു. ഇതുകൊണ്ടൊന്നും യൂസഫലിയെ ഭയപ്പെടുത്താന്‍ കഴിയില്ല. സ്വപ്നയുടെ ആരോപണങ്ങളും എം എ യൂസഫലി തള്ളി. ആരോപണങ്ങളെല്ലാം യൂസഫലി തള്ളി. ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വ്വം മുന്നോട്ടുപോകും. സമൂഹമാധ്യമങ്ങളില്‍ പറയുന്നത് തന്നെയും ലുലു ഗ്രൂപ്പിനെയും ബാധിക്കില്ലെന്നും യൂസഫലി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ എന്റെ കുടുംബത്തെ അടക്കം അപമാനിക്കുന്നവരുണ്ട്. അത് അവരുടെ സ്വാതന്ത്ര്യം. നിയമപരമായി നേരിടേണ്ടതുണ്ടങ്കില്‍ അത് ലുലുവിന്റെ ലീഗല്‍ വിഭാഗം നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പ്രവൃത്തികളില്‍ നിന്ന് നിക്ഷേപ സംരംഭങ്ങളില്‍ നിന്നും തന്നെ പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍നിന്നു പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരന്‍ വിജേഷ് പിള്ള സമീപിച്ചതായി കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. അനുസരിച്ചില്ലെങ്കില്‍ വകവരുത്തുമെന്നു പറയാന്‍ എം.വി.ഗോവിന്ദന്‍ നിര്‍ദേശിച്ചെന്നും യുഎഇയിലെയോ കേരളത്തിലെയോ വിമാനത്താവളങ്ങളില്‍ യൂസഫലിയുടെ സ്വാധീനം ഉപയോഗിച്ചു കള്ളക്കേസില്‍ കുടുക്കുമെന്നും വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *