ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോകില്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ബെംഗളൂരുവിലേക്കു കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിച്ചത്. ജർമനിയിൽ നടത്തിയ ചികിത്സയുടെ തുടർ ചികിത്സ നടത്തുന്ന ബെംഗളൂരുവിലെ എച്ച്സിജി കാൻസർ കെയർ സെന്ററിലേക്ക്, ഉമ്മൻ ചാണ്ടിയെ എയർ ആംബുലൻസിൽ കൊണ്ടുപോകാനായിരുന്നു നീക്കം. നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിൽ 9 അംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് നിലവിൽ ഉമ്മൻ ചാണ്ടിയെ ചികിത്സിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോ. മഞ്ജു തമ്പി വ്യക്തമാക്കി. ‘‘അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. ഇന്നു രാവിലെ കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവർത്തകരോടും നന്നായി സംസാരിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. നമ്മൾ കൊടുക്കുന്ന ആന്റിബയോട്ടിക്സിനോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുമുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ നല്ലവണ്ണം സുഖം പ്രാപിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യുമോണിയയും നല്ലവണ്ണം കുറഞ്ഞിട്ടുണ്ട്. വന്ന സമയത്ത് പനിയും ശ്വാസമുട്ടലും ഉണ്ടായിരുന്നു. ഇപ്പോൾ അത്തരം ബുദ്ധിമുട്ടുകളുമില്ല.’’ – ഡോ. മഞ്ജു തമ്പി വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയുടെ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനും വിശദീകരിച്ചു. ‘ശ്വാസകോശ അണുബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സുഖം പ്രാപിച്ചുവരുന്നു. ബൈപാപ്പിന്റെ സഹായമില്ലാതെ തന്നെ രക്തത്തിലെ ഓക്സിജൻ അളവ് നോർമലായി നിലനിൽക്കുന്നുണ്ട്. അദ്ദേഹം കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവർത്തകരോടും സാധാരണ നിലയിൽ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. നൽകിവരുന്ന മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ അദ്ദേഹത്തിന്റെ അണുബാധ പൂർണമായും ഭേദപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’ – മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ആരോഗ്യനില യാത്രയ്ക്ക് അനുയോജ്യമാണെങ്കിൽ എയർ ആംബുലൻസിൽ ഉമ്മൻ ചാണ്ടിയെ ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോകാനായിരുന്നു നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയെ തുടർന്നു കോൺഗ്രസ് നേതൃത്വമാണ് എയർ ആംബുലൻസ് ഏർപ്പാടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *