ഇ പി ജയരാജന് എതിരായ ആരോപണം നിഷേധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഇ പി ജയരാജന് എതിരായ ആരോപണം നിഷേധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാധ്യമങ്ങൾ സ്വയം ചർച്ച നടത്തി വിധി പ്രസ്താവിക്കുകയാണ്. പാർട്ടിക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ആന്റണിയുടേത് മൃദു ഹിന്ദുത്വ നിലപാടെന്നും ഗോവിന്ദൻ.

എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് എതിരായ ആരോപണം നിഷേധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയിൽ ഗൗരവപൂർണമായ ചർച്ചയും വിമർശനവും നടത്തിയേ മുൻപോട്ട് പോകാൻ സാധിക്കു. ഈ സാഹചര്യം ഉപയോഗിച്ചാണ് മാധ്യമങ്ങൾ വാർത്ത സൃഷ്ടിക്കുകയും ചർച്ച നടത്തി വിധി പ്രസ്താവിക്കുകയാണെന്നും പാർട്ടിക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ആന്റണിയുടെ മൃദു ഹിന്ദുത്വ നിലപാടെന്ന സമീപനത്തോടും ഗോവിന്ദൻ പ്രതികരിച്ചു. കോൺഗ്രസ് കാലാകാലങ്ങളായി പിന്തുടരുന്ന മൃദുഹിന്ദുത്വ നിലപാട് ആന്റണി ആവർത്തിക്കുകയാണ്. ആർഎസ്എസിനെയും സംഘപരിവാറിനെയും നേരിടാൻ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് കൊണ്ടാവില്ലെന്നും കോൺഗ്രസിന്റേത് വർഗീയ പ്രീണന നയമെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂർ മോറാഴയിലെ റിസോർട്ടുമായി ബന്ധപ്പട്ട അഴിമതി ആരോപണത്തിൽ ഇപിക്കെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

കണ്ണൂരിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെടുത്തി അഴിമതി ആരോപണങ്ങളെ മൗനം കൊണ്ട് നേരിട്ടാണ് ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. റിസോർട്ടിൽ നിക്ഷേപമില്ലെന്നും ഭാര്യക്കും മകനുമുള്ള നിക്ഷേപം അനധികൃതമല്ലെന്നും ഇപി പാർട്ടിയെ ധരിപ്പിച്ചു. 12 വർഷമായി മകൻ ബിസിനസ് ചെയ്യുന്നു, അതിന്റെ വരുമാനമാണ് നിക്ഷേപിച്ചത്. മകന്റെ നിർബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപമിറക്കിയത്. അത് റിട്ടയർമെന്റ് ആനുകൂല്യമടക്കം ഇതുവരെയുള്ള സമ്പാദ്യമാണ്. ഇരുവർക്കും ഔദ്യോഗിക സ്ഥാനം ഇല്ലാത്തതിനാൽ പാർട്ടിയെ അറിയിച്ചില്ല. ബാക്കി കാര്യങ്ങൾ മിക്കവർക്കും അറിവുള്ളതാണെന്നും ഇപി പറഞ്ഞതോടെ ചോദ്യവും പറച്ചിലും ഇല്ലാതെ കാര്യങ്ങളിൽ വ്യക്തതയായി. അടുത്ത സംസ്ഥാന സമിതിയിൽ ഇപി ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കും, തുടർ ചർച്ചയും സംസ്ഥാന സമിതിയിലാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *