ഇ.പിയുടെ മകന് ഗൾഫിൽ റിഫൈനറി ഉണ്ടെന്ന് സ്വപ്ന; ദുബായിൽ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി.ജയരാജന്റെ മകൻ ജയ്സണെതിരെ ബിനാമി ഇടപാട് ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും രം​ഗത്ത്. യുഎഇയിലെ ബിനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി ജയ്സൺ ദുബായിൽ താനുമായി ചർച്ച നടത്തിയെന്നും അദ്ദേഹത്തിന് റാസൽഖൈമയിൽ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി (റിഫൈനറി) ഉണ്ടെന്നും സ്വപ്ന ആരോപിച്ചു. ജയ്സണും താനും ദുബായിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തു വന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു പൊലീസിന് ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ യുഎഇയിലെ ബിനാമി കമ്പനി വഴി ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണു ജയ്സൺ ചർച്ച നടത്തിയത്. ഇ.പി.ജയരാജനും ഈ വിവരം അറിയാമായിരുന്നു. അഭ്യന്തര വകുപ്പിനെ ഈ ഇടപാടിൽ നിന്ന് ഒഴിവാക്കി സ്വന്തം നിലയ്ക്കു ചെയ്യാനായിരുന്നു ജയ്സന്റെ ശ്രമം. അതിനു പിന്നാലെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് വന്നത്. പിന്നീട് ഇടപാടിന് എന്ത് സംഭവിച്ചു എന്നറിയില്ലെന്നും സ്വപ്ന വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പി ജയരാജൻ ഇ പി ജയരാജനെതിരെ സാമ്പത്തികക്രമക്കേട് ആരോപണങ്ങൾ ഉയർത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.

ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം സിപിഎം പിബി പരിശോധിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഡൽഹിയിൽ പിബി ചേരും. ഇ.പി കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ പിബി പരിശോധന അനിവാര്യമെന്നാണ് വിലയിരുത്തൽ. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരവും വേണ്ടിവരും. അതേസമയം, പി.ജയരാജൻ രേഖാമൂലം പരാതി നൽകുമെന്നാണ് പൊതുവിൽ ലഭിക്കുന്ന സൂചനകൾ. പാർട്ടി അന്വേഷണ കമ്മീഷനെ വയ്ക്കാനും സാധ്യതയേറിയിട്ടുണ്ട്. .

Leave a Reply

Your email address will not be published. Required fields are marked *