ഇ ചന്ദ്രശേഖരനെ ആക്രമിച്ച സംഭവം; സിപിഎം കൂറുമാറ്റത്തിന് പിന്നില്‍ സിപിഎം-ആര്‍എസ്എസ് ഒത്തുതീര്‍പ്പ്

തിരുവനന്തപുരം: സിപിഐ സംസ്ഥാന അസിസ്റ്റന്റ്‌സെക്രട്ടറിയും മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി ആര്‍എസ് എസ് ്രപതികളെ വെറുതെ വിട്ടതിന് പിന്നില്‍ സിപിഎം -ആര്‍എസ്എസ് ഒത്തുകളി.കേസില്‍ സാക്ഷികളായ സിപിഎം നേതാക്കള്‍ മൊഴിമാറ്റിയത് ആര്‍എസ്എസിന് വേണ്ടിയാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു സിപിഎം ജില്ലാ കമ്മിറ്റി അംഗം പ്രതിയായ ബിജെപി പ്രവര്‍ത്തകനെതിരെയുള്ള വധശ്രമക്കേസും ഇതും തമ്മില്‍ ഒത്തുതീര്‍ത്തതാണെന്നാണ് ആരോപണം.

2016ലാണ് കേസിനാസ്പദമായ സംഭവം. ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് വിജയിച്ചപ്പോള്‍ നടന്ന ആഹ്ലാദപ്രകടനത്തിനിടെയായിരുന്നു ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് സാക്ഷികള്‍ കേസില്‍ കൂറുമാറിയതോടെയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം പ്രതിയായ ബിജെപി പ്രവര്‍ത്തകനെതിരെയുള്ള വധശ്രമകേസും ഇതും തമ്മില്‍ ഒത്തുതീര്‍ന്നതാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 2016 മെയ് 19ന് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വിജഹ്ലാദത്തിനിടെയാണ് കാഞ്ഞങ്ങാട് മാവുങ്കല്‍ മൂലക്കണ്ടത്ത് വച്ച് ഇ ചന്ദ്രശേഖരനെതിരെ ആക്രമണമുണ്ടായത്. ഇടതു കൈക്കേറ്റ പരിക്കുമായാണ് ചന്ദ്രശേഖരന്‍ മന്ത്രിയായി ചുമതലയേറ്റത്. കോടതി മുറിയില്‍ പ്രതികളെ ഇ ചന്ദ്രശേഖരന്‍ തിരിച്ചറിഞ്ഞെന്ന് പറഞ്ഞപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ള സാക്ഷികള്‍ പ്രതികള്‍ ഇവരാണെന്ന് ഉറപ്പില്ലെന്ന് കോടതിയില്‍ മൊഴിമാറ്റി. പ്രതികളെ തിരിച്ചറിഞ്ഞ രണ്ട് സാക്ഷികളും മൊഴി മാറ്റിയതാണ് കേസില്‍ പ്രതികള്‍ക്ക് അനുകൂലമായത്.

എന്നാല്‍ ചന്ദ്രശേഖരന്‍ അഞ്ച് വര്‍ഷം മന്ത്രിയായിരുന്നപ്പോഴോ പിന്നീട് സിപിഐയോ കേസില്‍യാതൊരു താത്പര്യവും കാണിച്ചിട്ടില്ലെന്നും ഇതാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയതെന്നും സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നു. അക്രമി സംഘത്തില്‍ ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരും ഉണ്ടായിരുന്നു എന്നാല്‍ പേര് അറിയില്ല എന്നാണ് ചന്ദ്രശേഖരന്‍ മൊഴി നല്‍കിയത്.

അതേസമയം -മന്ത്രി സഞ്ചരിച്ചിരുന്ന തുറന്ന ജീപ്പില്‍ തന്നെയാണ് താനും സഞ്ചരിച്ചതെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി കെ രവി കോടതയില്‍ പറഞ്ഞു, നൂറിലേറെ പേര്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതിനാല്‍ പ്രതികള്‍ സംഘത്തില്‍ ഉണ്ടായിരുന്നോ എന്ന് എനിക്ക് പറയാന്‍ കഴിയില്ലെന്നും രവി കോടതിയെ ബോധിപ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി താന്‍ പൊലീസിന് മൊഴി നല്‍കിയിട്ടില്ല. പൊലീസിന് അങ്ങനെ മൊഴി കൊടുത്തു എന്ന് പറഞ്ഞത് ശരിയല്ലെന്നും രവി കൂട്ടിച്ചേര്‍ത്തു.

അക്രമിച്ചത് ഒരു കൂട്ടം ആള്‍ക്കാരായിരുന്നു. പ്രത്യേകിച്ച് ആള്‍ക്കാരെ അറിയില്ല. അക്രമിച്ചവരുടെ കൂട്ടത്തില്‍ ഈ പ്രതികള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നും സിപിഎം മടിക്കൈ സൗത്ത് എല്‍സി അംഗം അനില്‍ബങ്കളം കോടതിയെ അറിയിച്ചു. പൊലീസിന് താന്‍ അങ്ങനെ മൊഴി കൊടുത്തിട്ടില്ലെന്നും അയാള്‍ പറഞ്ഞു. പ്രതികളില്‍ ഉള്‍പ്പെട്ട രാഹുല്‍, ബാബു, അരുണ്‍ എന്നിവര്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടതായി താന്‍ മൊഴി കൊടുത്തിട്ടില്ലെന്നും അനില്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ പൊലീസിന് നല്‍കിയ മൊഴി തിരുത്തിയാണ് ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത് എന്ന് തന്നെയാണ് പുറത്ത് വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. തങ്ങളെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ മാവിങ്കാലിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായ ബലരാമന്‍, പ്രദീപ്, രാജേഷ്, ബാബു, രാഹുല്‍, സുധീഷ്, അരുണ്‍ എന്നിവരാണ് ഉണ്ടായിരുന്നതെന്ന് ആക്രമിച്ച മറ്റുള്ളവരെയും കണ്ടാല്‍ അറിയാമെന്നും ടി കെ രവി പൊലീസിന് ഒപ്പിട്ട് നല്‍കിയ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തങ്ങളെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ മാവുങ്കാലിലെ ബിജെപി പ്രവര്‍ത്തകരായ പ്രദീപ് , രാജേഷ്, സുധീഷ്, ബാബു, രാഹുല്‍, അരുണ്‍ മനോജ്, സുജിത്ത്, പ്രദീപന്‍ തുടങ്ങിയവരുണ്ടെന്ന് അനില്‍ ബങ്കളം പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ ഈ മൊഴികളെല്ലാം തന്നെ ഇരുവരും നിഷേധിക്കുകയായിരുന്നു. ഇതോടെ ഇവരുടെ മേലുള്ള കേസ് ഒഴിവാക്കി ഇവരെ കോടതി കുറ്റ വിമുക്തരാക്കി.

സംഭവം ഇടതുമുന്നണിയിലും സിപിഐയില്‍ തന്നെയും ഭിന്നിപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. സിപിഎം ആര്‍എസ്എസ് ബിജെപി ഒത്തുകളി ആരപിച്ച് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബു കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രകാശ്ബാബുവിനെ തള്ളുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്. സംഭവിച്ചത് എന്താണെന്ന് പരിശോധിച്ചിട്ട് പറയാമെന്നും കാനം പ്രതികരിച്ചു.

ഈ വിഷയമടക്കം നിരവധി പ്രശ്‌നങ്ങള്‍ മുന്നണിക്കുള്ളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതും ഹൗസിംഗ് ബോര്‍ഡ് പിരിച്ച് വിടണമെന്ന ചീഫ് സെക്രട്ടറി വി പി ജോയിയുടെ നിര്‍ദ്ദേശവും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. എം എന്‍ ഗോവിന്ദന്‍നായര്‍ മന്ത്രി ആയിരിക്കെ നടപ്പാക്കിയ ലക്ഷം വീട് പദ്ധതിയുടെ കാലം മുതല്‍ സിപിഐയ്ക്ക് വൈകാരികമായി ഏറെ ബന്ധമുള്ള സ്ഥാപനമാണ് ഹൗസിംഗ് ബോര്‍ഡ്. പാര്‍ട്ടി തീരുമാനപ്രകാരം മന്ത്രി കെ രാജന്‍ മന്ത്രിസഭായോഗത്തില്‍ വി പി ജോയിക്കെതിരെ ആഞ്ഞടിച്ചിരുന്നു. കൃഷിമന്ത്രി പി പ്രസാദിന്റെ ഇസ്രയേല്‍ യാത്ര മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിയതും സിപിഐയെ നീരസപ്പെടുത്തി. സിപിഎമ്മിന്റെ വകുപ്പുകളും തദ്ദേശ ഭരണസ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളില്‍ സിപിഐമന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നേരിടുന്ന അവഗണനയും സിപിഐ-സിപിഎമ്മും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുകയാണ്. മുന്നണിയിലെ ഈ പടലപ്പിണക്കങ്ങള്‍ എവിടെ ചെന്ന് അവസാനിക്കുമെന്ന ആശങ്കയിലാണ് അണികള്‍.

Leave a Reply

Your email address will not be published. Required fields are marked *