ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു

ടെഹ്റാൻ: ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരങ്ങൾക്കൊടുവിലാണ് ഭരണകൂടത്തിന്റെ തീരുമാനം.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കു‍ർദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിനു പിന്നാലെ രാജ്യത്തെ വിവിധ സർവകലാശാല വിദ്യാർഥികളാണു പരസ്യമായി ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും പ്രക്ഷോഭത്തിനു തുടക്കമിട്ടത്. അമിനിയുടെ മരണം മർദനം മൂലമല്ലെന്നും നേരത്തെ ഉണ്ടായിരുന്ന രോഗങ്ങളെ തുടർന്നാണെന്നും ഫൊറൻസിക് റിപ്പോർട്ടുകളെ ഉദ്ധരിച്ച് സർക്കാർ വ്യക്തമാക്കിയെങ്കിലും സമരക്കാർ പിന്മാറിയില്ല. രാജ്യമാകെ പ്രക്ഷോഭം കത്തിപ്പടരുകയായിരുന്നു.

നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിനു സ്ഥാനമില്ലെന്ന് അറ്റോർ‌ണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരി പറഞ്ഞു. സ്ത്രീകൾ തല മറയ്ക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് പാർലമെന്റും ജുഡീഷ്യറിയും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറ്റോർണി ജനറൽ പറഞ്ഞിരുന്നു. യുഎസ് പിന്തുണയുള്ള രാജവാഴ്ചയെ അട്ടിമറിച്ച് 1979ൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സ്ഥാപിച്ചതിനു നാല് വർഷത്തിന് ശേഷമാണ് രാജ്യത്ത് ഹിജാബ് നിർബന്ധമാക്കിയത്. മഹ്മൂദ് അഹമ്മദിനജാദ് ഇറാൻ പ്രസിഡന്റായിരുന്ന സമയത്താണ് മതകാര്യ പൊലീസ് സ്ഥാപിതമായത്. 2006ലാണ് യൂണിറ്റുകൾ പട്രോളിങ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *