ഇന്‍സ്റ്റഗ്രാം പോസ്റ്റ്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഉദ്യോഗസ്ഥനെ ഒഴിവാക്കി

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഉദ്യോഗസ്ഥന്‍ കൊടുക്കേണ്ടി വന്നത് വലിയ വില. അഭിഷേക് സിങ് എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക ജോലികളില്‍ നിന്ന് നീക്കം ചെയ്തു. ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന്റെ പേരിലാണ് നടപടി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഷേകിനെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം തന്റെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. അഭിഷേക് തന്റെ ഔദ്യോഗിക പദവി പബ്ലിസിറ്റിക്ക് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയത്.

അടുത്തമാസം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അഭിഷേകിനെ രണ്ട് നിയോജക മണ്ഡലങ്ങളുടെ നീരിക്ഷകനായാണ് നിയോഗിച്ചത്.

രണ്ട് ചിത്രങ്ങളാണ് അഭിഷേക് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്ന് ഔദ്യോഗിക കാറിനടുത്ത് നില്‍ക്കുന്ന ചിത്രം. ഇതില്‍ താന്‍ നിരീക്ഷകനായി ജോയിന്‍ ചെയ്തതായി കുറിച്ചിരിക്കുന്നു. മറ്റൊരു പോസ്റ്റില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ജീവനക്കാരനും ഒപ്പമാണ് അഭിഷേക് നില്‍ക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമായ ഉദ്യോഗസ്ഥനാണ് സിങ്. സര്‍ക്കാരുദ്യോഗസ്ഥന്‍, നടന്‍, സംരംഭകന്‍ തുടങ്ങിയ ആളാണ് താനെന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു. ഇതേ പോസ്റ്റുകള്‍ അദ്ദേഹം ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നാണ് ഔദ്യോഗിക ഉത്തരവ്.

കമ്മീഷന്‍ തീരുമാനം അംഗീകരിക്കുന്നു എന്നാണ് അഭിഷേക് പ്രതികരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *