ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളില്‍ ഭൂചലനം

ന്യൂഡൽഹി: ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളില്‍ ഭൂചലനം. ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി.

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താനിലെ ജുറുമാണെന്നാണ് പ്രാഥമിക നിഗമനം. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലും രാത്രി 10.20ന് ഭൂമികുലുക്കം അനുഭവപ്പെട്ടു. മിനിറ്റുകള്‍ നീണ്ടുനിന്ന ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലയിടങ്ങളിലും ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങി. വീടുകളില്‍ സാധനങ്ങള്‍ ഇളകി നിലത്തുവീണതായി സമൂഹമാധ്യമങ്ങളില്‍ ചിലര്‍ കുറിച്ചു. ഗാസിയാബാദില്‍ വന്‍ പ്രകമ്പനമാണുണ്ടായത്. ഡല്‍ഹി ഷകര്‍പുര്‍ പ്രദേശത്ത് കെട്ടിടം കുലുങ്ങിയതായി അഗ്‌നിരക്ഷാസേന അറിയിച്ചു. പാകിസ്താനില്‍ ഇസ്‌ലാമാബാദിലും മറ്റു നഗരങ്ങളിലും ഭൂചലനമുണ്ടായി.

അഫ്ഗാനിസ്താന്റെ അതിര്‍ത്തി പ്രദേശമാണ് ജുറും. പ്രഭവ കേന്ദ്രത്തില്‍ നിന്ന് അധികം അകലെയല്ലാത്ത ഇന്ത്യയിലെയും പാകിസ്താനിലെയും മേഖലകളില്‍ ഭൂചലനം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി എന്‍.സി.ആര്‍ മേഖലയില്‍ താമസിക്കുന്ന ആളുകളെല്ലാം കെട്ടിടങ്ങളില്‍ നിന്ന് ഓടി പുറത്തിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂടി നില്‍ക്കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്ക്മെനിസ്ഥാന്‍, കസാഖ്സ്താന്‍, പാകിസ്താന്‍, താജിക്കിസ്താന്‍, ഉസ്ബെക്കിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 2005ല്‍ പാക്കിസ്ഥാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 74,000ത്തോളം മരിച്ചിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് വീടുകളിലെ ഫാനും ലൈറ്റുകളും ആടുന്നത് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പങ്കുവച്ചിട്ടുണ്ട്. newsdesk youtalk

Leave a Reply

Your email address will not be published. Required fields are marked *