ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: മട്ടന്നൂര്‍ ചാവശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നു രക്ഷപ്പെടുത്തി.

ഞായറാഴ്ച രാവിലെ ഒമ്പരയോടെയാണ് ചാവശേരി പഴയ പോസ്റ്റാഫീസ് പരിസരത്തെ റോഡരികിലുള്ള പൊതു കിണറില്‍ ബംഗാള്‍ സ്വദേശി ഇരുപത്തിയൊന്നാം മൈലില്‍ താമസിക്കുന്ന രാജേഷിനെ കണ്ടെത്തിയത്. റോഡരികിലെ നടന്നു പോകുന്നവര്‍ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് കിണറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്നു മട്ടന്നൂരില്‍ നിന്നു അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.എ. ലിഷാദിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമന വിഭാഗം നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇന്നലെ രാത്രി കിണറ്റില്‍ വീണതാണെന്നാണ് രാജേഷ് പറഞ്ഞത്. മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചു കിണറ്റില്‍ നില്‍ക്കുന്നതാണ് കണ്ടത്. പാന്റ് മാത്രം ധരിച്ചായിരുന്നു കാണപ്പെട്ടത്. പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ മട്ടന്നൂര്‍ ഗവ.ആശുപത്രില്‍ പ്രവേശിപ്പിച്ചു. കിണറ്റില്‍ എങ്ങനെയാണ് വീണതെന്നും ഇവിടെ എങ്ങനെയെത്തിയെന്നും പോലീസ് അന്വേഷണം നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *