ഇടുക്കി മെഡിക്കൽ കോളേജിൽ 104 വയസുകാരിയ്ക്ക് തിമിര ശസ്ത്രക്രിയ വിജയം

ഇടുക്കി: സർക്കാർ മെഡിക്കൽ കോളേജിൽ 104 വയസുകാരിയിൽ നടത്തിയ തിമിര ശസ്ത്രക്രിയ വിജയകരം. ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്.

100ലേറെ വയസുള്ളവരിൽ അപൂർവമായാണ് തിമിര ശസ്ത്രക്രിയ വിജയിക്കുന്നത്. ഇടത് കണ്ണിൽ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി ലെൻസ് ഇട്ടു. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ദേവകിയമ്മയെ ഡിസ്ചാർജ് ചെയ്തു. പൂർണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.

രണ്ട് കണ്ണിനും കാഴ്ച കുറവുമായാണ് ദേവകിയമ്മ അടുത്തിടെ ഇടുക്കി മെഡിക്കൽ കോളേജിലെത്തിയത്. പരിശോധനയിൽ ഇടത് കണ്ണിന് തീവ്രമായി തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടതായി കണ്ടെത്തി. പ്രായം കൂടുതലായതിനാൽ തിമിര ശസ്ത്രക്രിയയുടെ സാധ്യതകൾ പരിശോധിച്ചു. മറ്റ് അസുഖങ്ങളൊന്നുമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ഞായറാഴ്ച ദേവകിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായം പരിഗണിച്ച് എല്ലാവിധ മുൻകരുതലുകളുമെടുത്താണ് ശസ്ത്രക്രിയ നടത്തിയത്.

ഒഫ്ത്താൽമോളജി വിഭാഗം മേധാവി ഡോ. വി. സുധ, അസി. പ്രൊഫസർ ഡോ. ശബരീഷ്, സ്റ്റാഫ് നഴ്‌സ് രമ്യ എന്നിവരാണ് സർജറിയ്ക്ക് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *