ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ ഭേദഗതി; ചട്ടങ്ങൾ തയാറാക്കാൻ റവന്യൂ – നിയമ വകുപ്പ് സെക്രട്ടറിമാർക്ക്

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് വിവിധ തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1960ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ഈ മാസം 23ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

1960 ലെ ഭൂപതിവ് നിയമത്തിൽ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാൻ സർക്കാറിന് അധികാരം നൽകുന്ന പുതിയ വകുപ്പ് ചേർക്കുന്നതാണ് നിയമ ഭേദഗതി. ഇതിൻറെ തുടർച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും.

ജീവിതോപാധിക്കായി നടത്തിയ 1500 സ്ക്വയർ ഫീറ്റ് വരെയുള്ള ചെറു നിർമാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമഭേദഗതിയും ചട്ട നിർമാണവും എന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവൽക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്തിന് പൊതുവിൽ ബാധകമാകുംവിധത്തിൽ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങൾ തയാറാക്കാൻ റവന്യൂ – നിയമ വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

മുൻപ് കൃഷി ആവശ്യത്തിനായി പതിച്ച് നൽകിയതും എന്നാൽ ഇപ്പോൾ കൃഷിയിൽ ഏർപ്പെടാത്തതുമായ ഭൂമി മറ്റെതെങ്കിലും ആവശ്യത്തിനായി പരിവർത്തനം ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിൽ നിയമ ഭേദഗതി കൊണ്ടുവരാനും യോഗം തീരുമാനം എടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ റവന്യു മന്ത്രി കെ. രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി, അഡ്വക്കറ്റ് ജനറൽ കെ. ഗോപാല കൃഷ്ണ കുറുപ്പ് എന്നിവരും വകുപ്പ് സെക്രട്ടറിമാരും വനം വകുപ്പ് മേധാവി ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *