ആശങ്ക വേണ്ട, ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിലെത്തി

കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുക്കോമനോവിച്ച് കൊച്ചിയില്‍. ഇന്നു രാവിലെ എമിറേറ്റ്‌സ് വിമാനത്തിലാണ് വുക്കോമനോവിച്ച് എത്തിയത്.ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ്‍ ക്യാംപ് തുടങ്ങി രണ്ടാഴ്ച ആയിട്ടും സെര്‍ബിയന്‍ കോച്ച് ടീമിനൊപ്പം ചേരാത്തത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് കാരണം ആയിരുന്നു.കഴിഞ്ഞ സീസണിലെ പ്ലേഓഫ് മത്സരം ബഹിഷ്‌കരിഷ്ച്ചതിനെ തുടര്‍ന്ന് ലഭിച്ച പിഴയും വിലക്കുമായി ബന്ധപ്പെട്ടായിരുന്നു ആശങ്കകള്‍.മത്സരം ഉപേക്ഷിച്ചു മൈതാനം വിട്ടതിന് കാരണമായി ബ്ലാസ്റ്റേഴ്സ് നിരത്തിയ വാദങ്ങള്‍ തള്ളിയാണ് എഐഎഫ്എഫ് കമ്മിറ്റി ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ചത്.

കളത്തിന് പുറത്തേക്കു ടീമിനെ നയിച്ച കോച്ചിന്റെ നടപടിയെ വിമര്‍ശിച്ചു മുന്‍ താരങ്ങള്‍ അടക്കം രംഗത്ത് വന്നത് ബ്ലാസ്റ്റേഴ്സിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തിലാണ് കോച്ച് എത്താന്‍ വൈകുന്നതെന്നായിരുന്നു ആരാധകര്‍ പോലും പങ്കു വച്ച ആശങ്ക. കോച്ച് ഇനി ടീമിനൊപ്പം ഉണ്ടാകില്ലെന്നു വരെ കഥകള്‍ ഉയര്‍ന്നു തുടങ്ങിയതിനിടയിലേക്കാണ് മുന്നറിയിപ്പൊന്നുമില്ലാതെ വുക്കോമനോവിച്ചിന്റെ വരവ്. ബ്ലാസ്റ്റേഴ്സിനൊപ്പം ഇതു മൂന്നാമത്തെ സീസണിനാണ് സെര്‍ബിയന്‍ കോച്ച് കൊച്ചിയിലെത്തിയത്. പ്രഥമ സീസണില്‍ ടീമിനെ ഫൈനലിലേക്കും രണ്ടാം സീസണില്‍ പ്ലേഓഫിലേക്കും നയിച്ച വുക്കോമനോവിച്ച് ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച പരിശീലകനാണ്.

Leave a Reply

Your email address will not be published. Required fields are marked *