ആര്‍എസ് എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ അടഞ്ഞ വാതില്‍ ചര്‍ച്ചയ്‌ക്കെതിരെ മുസ്ലീം സംഘടനകളും രാഷ്ട്രീയ നേതാക്കളും

ആര്‍എസ് എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ അടഞ്ഞ വാതില്‍ ചര്‍ച്ചയ്‌ക്കെതിരെ മുസ്ലീം സംഘടനകളും രാഷ്ട്രീയ നേതാക്കളും. ജമാഅത്തെ ഇസ്ലാമി സമുദായത്തെ ഒറ്റു കൊടുത്തു എന്നാണ് സമസ്ത രൂക്ഷമായി വിമര്‍ശിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ നടപടി സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും സമസ്ത ആരോപിച്ചു. കെ ടി ജലീല്‍ എം എല്‍ എയും കെ മുരളീധരന്‍ എംപിയും ജമാഅത്തെ ഇസ്ലാമിയുടെ തെറ്റായ രാഷ്ട്രീയ നീക്കത്തെ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ജമാഅത്തെ ഇസ്ലാമി ആര്‍എസ് എസിന് മുന്നില്‍ മുട്ടു മടക്കിയത് നിരോധനം ഭയപ്പെട്ടാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പൊതുവായി വിലയിരുത്തുന്നത്.

ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് സമ്മതിച്ച ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി.ആരിഫ് അലി കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിലാണ് ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതെന്ന് ‘ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.. മുസ്ലീങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിച്ചതെന്നും ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ലെന്നും ആരിഫ് അലി ന്യായീകരിക്കുന്നു. എന്നാല്‍ ആര്‍എസ്എസ് നേതൃത്വം പറയുന്നത് ഗോ വധം, ലൗ ജിഹാദ,് കാഫിര്‍ പ്രയോഗം എന്നിവയെകുറിച്ച് ആര്‍എസ്എസ് ജമാഅത്തെ ഇസ്ലാമി അടക്കമുളള മുസ്ലീം സംഘടനകളോട് നിലപാട് വ്യക്തമാക്കി എന്നാണ്. ജമാഅത്തെ ഇസ്ലാമിയുമായി ആര്‍എസ്എസ് അടഞ്ഞ വാതില്‍ ചര്‍ച്ച നടത്തിയത് അവരും സംഘപരിവാര്‍ സംഘനയായ മുസ്ലിം രാഷ്ട്രീയ മഞ്ചും ആവശ്യപ്പെട്ടിട്ടാണെന്നും ആര്‍എസ്എസ് നേതൃത്വം വിശദീകരിച്ചു. ഇതോടെ ജമാഅത്തെ ഇസ്ലാമി പ്രതിസന്ധിയിലായി.

ആര്‍എസ്എസിന് ജമാഅത്തെ ഇസ്ലാമി വിധേയപ്പെട്ടു എന്നാണ് സമസ്ത പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന്് പിന്നാലെ ജമാഅത്തെ ഇസ്ലാമിയെയും കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുമോ എന്ന ഭയമാണ് ആര്‍എസ്എസിന് മുന്നില്‍ കീഴടങ്ങാന്‍ ജമാഅത്തെ ഇസ്ലാമിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മീഡിയ വണ്‍ ചാനല്‍ നിരോധിച്ചതിനു പിന്നാലെ ജമാഅത്തെ ഇസ്ലാമി കേന്ദ്രസര്‍ക്കാരുമായി മധ്യസ്ഥ ചര്‍ച്ച ആരംഭിച്ചിരുന്നു. പുറത്ത് സംഘപരിവാര്‍ വിരുദ്ധതയുടെ മുഖം മൂടി അണിയുമ്പോള്‍ തന്നെ അകത്ത് സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന്റെ വഴിതേടുകയായിരുന്നു ജമാഅത്തെ ഇസ്ലാമി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ചര്‍ച്ച. വിദ്യാസമ്പന്നരായ മുസ്ലീങ്ങളെയും മുസ്ലീം സംഘടനകളെയും കൂടെകൂട്ടാനുളള ശ്രമമാണ് ഒരു അടവെന്ന നിലയില്‍ സംഘപരിവാര്‍ പ്രയോഗിക്കുന്നത്. ഇതിലേക്ക് ജമാഅത്തെ ഇസ്ലാമി ചെന്ന് വിണു എന്നാണ് വിലയിരുത്തുന്നത്. കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിലാണ് ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതെന്ന ആരിഫ് അലിയുടെ വാക്കുകള്‍ ഇതിന് തെളിവാണ്. മുസ്ലീങ്ങളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായോ പ്രധാനമന്ത്രി മോദിയുമായോ ആഭ്യന്തരമന്ത്രി അമിതാ ഷായുമായോ ചര്‍ച്ച നടത്തിയാല്‍ തെറ്റില്ല. കേന്ദ്രസര്‍ക്കാരിനെ ആര്‍എസ്എസ് രഹസ്യമായി നിയന്ത്രിക്കുന്നവെന്നും അത് തെറ്റാണെന്നുമാണ് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ പുറത്ത് ഉയര്‍ത്തുന്ന വിമര്‍ശനം. ഇതിനിടയിലാണ് ആര്‍എസ്എസിനെ അംഗീകരിച്ച് ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് വിമര്‍ശിക്കപ്പെടുന്നത്.

ആര്‍.എസ്.എസ്സുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ജമാഅത്തെ ഇസ്ലാമി വെളിപ്പെടുത്തണമെന്ന ആവശ്യവുമായി കെടി ജലീല്‍ രംഗത്ത് വന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ആര്‍ക്കാണ് മാനസാന്തരം സംഭവിച്ചതെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.പൗരത്വ നിയമം മരവിപ്പിക്കാമെന്ന ഉറപ്പ് മോഹന്‍ ഭാഗവതില്‍ നിന്ന് കിട്ടിയോ? മുത്തലാഖ് നിയമം പിന്‍വലിക്കുമെന്ന് RSS നേതാക്കള്‍ പറഞ്ഞോ?
കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുമെന്ന് ഭരണം നിയന്ത്രിക്കുന്നവര്‍ വാക്ക് നല്‍കിയോ?
ബാബരി മസ്ജിദ് പൊളിച്ചതില്‍ സംഘ് പരിവാര്‍ ക്ഷമാപണം നടത്തിയോ? ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലയില്‍ ബി.ജെ.പി മാപ്പപേക്ഷിച്ചോ? ബീഫ് വിവാദത്തില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് ഉള്‍പ്പടെയുള്ള അന്‍പതോളം മനുഷ്യരുടെ മരണത്തില്‍ ‘ഗോ സംരക്ഷണ സേന” ഖേദം പ്രകടിപ്പിച്ചോ? സ്ഥല നാമങ്ങള്‍ മാറ്റുന്ന നയം അവസാനിപ്പിക്കാമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മതിച്ചോ? NDA സഖ്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ ചേര്‍ക്കാമെന്ന വല്ല ഉറപ്പും ലഭിച്ചോ? ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ജമാഅത്തെ ഇസ്ലാമിക്ക് മുന്നോട്ട് പോകാനാവില്ലെന്നാണ് ജലീല്‍ പറയുന്നത്.

പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ട് എന്തു കാര്യമെന്നാണ് ആര്‍എസ്എസ് ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയെക്കുറിച്ച് കെ മുരളീധരന്‍ എം.പി പ്രതികരിച്ചത്.
ആര്‍.എസ്.എസ്സും ബിജെപിയുമായി ചര്‍ച്ച നടത്താന്‍ കഴിയുന്ന സാഹചര്യം ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലെന്നും അവര്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *