ആര്‍എസ്എസ് മൗലികവാദ-ഫാസിസ്റ്റ് സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ലണ്ടന്‍: ആര്‍എസ്എസ് മൗലികവാദ-ഫാസിസ്റ്റ് സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലണ്ടന്‍ ആസ്ഥാനമായുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുല്‍ ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.

രാജ്യത്തെ ജനാധിപത്യ സ്വഭാവം പൂര്‍ണ്ണമായും മാറി. അതിന്റെ കാരണം ആര്‍എസ്എസ് എന്ന് പേരുള്ള ഒറ്റ സംഘടനയാണ്. മൗലികവാദവും ഫാസിസവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ സംഘടന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളെയും കൈയടക്കി. മുസ്ലിം ബ്രദര്‍ഹുഡിന്റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആര്‍എസ്എസിനെ വിളിക്കാന്‍ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഈജിപ്തില്‍ ഉത്ഭവിച്ച തീവ്രവാദ സംഘടനയാണ് മുസ്ലിംബ്രദര്‍ഹുഡ്.

അധികാരത്തിലെത്താന്‍ ജനാധിപത്യത്തെ ഉപയോഗിക്കുക, അതിനുശേഷം ജനാധിപത്യ മത്സരം അട്ടിമറിക്കുക എന്നതാണ് ഇവരുടെ ആശയമെന്നും’, രാഹുല്‍ പറഞ്ഞു. എന്നും അധികാരത്തിലിരിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട് ബിജെപി എങ്ങനെ അധികാരം പിടിച്ചുവെന്നത് സംബന്ധിച്ചും രാഹുല്‍ വിശദീകരിച്ചു. ഞങ്ങള്‍ ഗ്രാമീണ മേഖലയില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചുവരികയായിരുന്നു. എന്നാല്‍ നഗര പ്രദേശങ്ങളില്‍ പക്ഷേ..ഞങ്ങള്‍ക്ക് അവിടുത്തെ വികാരം മനസ്സിലാക്കാന്‍ കഴിയാതെ പോയി. അതൊരു വസ്തുതയാണ്. അതെല്ലാം അവിടെയുണ്ട്. എന്നാല്‍ ബിജെപി അധികാരത്തിലാണെന്നും കോണ്‍ഗ്രസ് ഇല്ലാതായി എന്നും പറയുന്നത് പരിഹാസ്യമായ കാര്യമാണ്’, രാഹുല്‍ പറഞ്ഞു. രാഹുലിന്റെ പ്രസ്താവനകള്‍ക്കെതിരെ ബിജെപി രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തി. വിദേശത്ത് പോയി രാഹുല്‍ രാജ്യത്തെ ഇകഴ്ത്തുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുല്‍ മാവോയിസത്തിന്റേയും അരാജകത്വത്തിന്റേയും പിടിയിലാണെന്നും ബിജെപി നേതൃത്വം ആരോപിച്ചു. നിങ്ങള്‍ എല്ലാ പാര്‍ലമെന്ററി മാനദണ്ഡങ്ങളും രാഷ്ട്രീയ ഔചിത്യവും മറക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇവിടെ യാത്ര നടത്തി. അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ചു, എല്ലായിടത്തും സംസാരിച്ചു. ഒരു വ്യവസായ സ്ഥാപനത്തിനെ ചൂണ്ടി പാര്‍ലമെന്റില്‍ സംസാരിച്ച അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തി’, രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യയില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് വിദേശത്തേക്ക് പറക്കുകയാണെന്നും ബിജെപി പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *