ആര്‍എസ്എസിനായി കൂറുമാറ്റം; സിപിഎം സംസ്ഥാന നേതൃത്വം ഉടന്‍ ഇടപെടില്ല, സിപിഐയുടെ സമ്മര്‍ദ്ദം നോക്കി തീരുമാനം

തിരുവനന്തപുരം: സിപിഐ മുന്‍മന്ത്രി ഇ ചന്ദ്രശേഖരനെ അക്രമിച്ച കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ള സാക്ഷികള്‍ പ്രതികളായ ആര്‍എസ്എസുകാര്‍ക്ക് വേണ്ടി കൂറുമാറിയെന്ന ആക്ഷേപത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം ഉടന്‍ ഇടപെടില്ല. സിപിഐസംസഥാന നേതൃത്വം ആ നിലയില്‍ സമ്മര്‍ദ്ദം ഉയര്‍ത്തിയെന്ന വിലയിരുത്തലും സിപിഎമ്മിനില്ല.

2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട്ട് ചന്ദ്രശേഖരന്‍ വിജയിച്ച ശേഷം നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ പ്രതികളായ 12 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയാണ് വിട്ടയച്ചത്. സാക്ഷികള്‍കൂറുമാറിയതാണ് പ്രതികളെ വിട്ടയക്കാന്‍ കാരണമായതെന്നാണ് ആക്ഷേപം. സിപിഎം സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടണമെന്ന് സിപിഐ നേതാവ് കെ പ്രകാശ്ബാബു ആവശ്യപ്പെടുകയും ചെയ്തു.

പൊലീസ് തന്നെ ചില പ്രതികളുടെ പേര് പറഞ്ഞ് സിപിഎമ്മുകാരുടെ മൊഴിയായി രേഖപ്പെടുത്തിയതാകാമെന്നും പ്രതികളുടെ കാര്യത്തില്‍ അവര്‍ക്ക് ഉറപ്പില്ലാത്തത് കൊണ്ട് പിന്നീട് കോടതിയില്‍ മാറ്റിപ്പറഞ്ഞതാകാമെന്നമുള്ള ന്യായമാണ് ചില സിപിഎം നേതാക്കളുടേത്. മറിച്ചെന്തെങ്കിലുമുണ്ടെങ്കില്‍ അതു കാസര്‍കോട്ട് തന്നെ പരിശോധിക്കട്ടെയെന്നാണ് നിലപാട്. മുന്നണി നേതാവിനെ കൈവിട്ട ആര്‍എസ്എസിനുവേണ്ടി സിപിഎമ്മുകാര്‍ കൂറുമാറി എന്ന ആരോപണവുമായി പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാസമ്മേളനം ഇന്ന് പുനരാരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ എല്‍ഡിഎഫിലുള്ള ഭിന്നത മുതലാക്കാന്‍ അവര്‍ നോക്കും.

സിപിഐ നിയമസഭാ കക്ഷി നേതാവും അസിസ്റ്റന്റ് സെക്രട്ടറിയും എല്‍ഡിഎഫില്‍ സിപിഐയെ പ്രതിനിധീകരിക്കുന്ന ആളുമാണ് ചന്ദ്രശേഖരന്‍, കേസില്‍ സിപിഎം കാട്ടിയതു മര്യാദയല്ലെന്ന വികാരം സിപിഐയില്‍ ശക്തമാണ്.

സാക്ഷികളായ സിപിഎമ്മുകാരുടെ മൊഴിമാറ്റം സിപിഐ ജില്ലാ- സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തു പ്രതിഷേധിച്ചില്ലെന്ന വികാരം ചന്ദ്രശേഖരനുണ്ട്.കേസില്‍ ചന്ദ്രശേഖരന്‍ തന്നെ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്ന് ആരോപിക്കുന്നവരുമുണ്ട്. കാസര്‍കോട്ടെ സിപിഎം സിപിഐ നേതൃത്വത്തിലെ ഒരു വിഭാഗം അദ്ദേഹവുമായി നല്ല ബന്ധത്തിലല്ല.

പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതെങ്കിലും സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമായി സിപിഎം കാണുന്നില്ല. സിപിഐയില്‍ തന്നെയുള്ള ഭിന്നതയും സിപിഎം ചൂണ്ടിക്കാട്ടുന്നു.

കാനത്തിന്റെ വിശ്വസ്തനായ ചന്ദ്രശേഖരന് വേണ്ടി ആദ്യം രംഗത്ത് എത്തിയതും സിപിഎമ്മിനെ ചോദ്യം ചെയ്തതും കാനവിരുദ്ധ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന കെ പ്രകാശ്ബാബുവാണ്. ദേശീയ നിര്‍വാഹക സമിതി അംഗമായ പ്രകാശ് ബാബു കേരളത്തില്‍ ഇടപെടുന്നതിന്റെ അസ്വസ്ഥതയാണ് കാനത്തിന്റെ പ്രതികരണത്തില്‍ കണ്ടത്. മൂന്നാം തീയതി നടക്കുന്ന സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും.

Leave a Reply

Your email address will not be published. Required fields are marked *