ആരാകും മുഖ്യമന്ത്രി? പ്രതിഭാ സിങ്ങും കളത്തിൽ; ജയത്തിലും കോൺഗ്രസിന് വെല്ലുവിളി

ഷിംല: ഹിമാചൽ പ്രദേശിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച കോൺഗ്രസിന് അടുത്ത വെല്ലുവിളിയായി മുഖ്യമന്ത്രി പദവിക്കുവേണ്ടിയുള്ള നേതാക്കളുടെ നീക്കങ്ങൾ. ഹിമാചൽ പിസിസി മുൻ അധ്യക്ഷൻ സുഖ്‍വീന്ദർ സുഖുവോ നിലവിലെ പ്രതിപക്ഷനേതാവ് മുകേഷ് അഗ്നിഹോത്രിയോ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം.

എന്നാൽ പിസിസി അധ്യക്ഷയും മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ പത്നിയുമായ പ്രതിഭ സിങ്ങും മുഖ്യമന്ത്രിയാകാൻ കച്ചമുറുക്കിക്കഴിഞ്ഞു. പ്രതിഭ സിങ്ങ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുണ്ടാകുമെന്ന് മകനും എംഎൽഎയുമായ വിക്രമാദിത്യ സിങ് മാധ്യമങ്ങളോട് പറഞ്ഞു. വീർഭദ്ര സിങ്ങിന്റെ സ്മരണയും ഭരണനേട്ടങ്ങളും ഓർമിപ്പിച്ചാണ് കോൺഗ്രസ് വിജയത്തിലേക്കെത്തിയത്. മുഖ്യമന്ത്രി ആരാകുമെന്ന് എംഎൽഎമാരും കോൺഗ്രസ് ഹൈക്കമാൻഡും ചേർന്ന് തീരുമാനിക്കുമെന്നും വിക്രമാദിത്യ ഷിംലയിൽ പറഞ്ഞു.

നേരിയ ഭൂരിപക്ഷം മാത്രം ലഭിക്കുന്ന സാഹചര്യം മുന്നിൽക്കണ്ട് കോൺഗ്രസ് എംഎൽഎമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ നീക്കം തുടങ്ങി. ജനാധിപത്യം സംരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിക്രമാദിത്യസിങ് പറഞ്ഞു. ഭരണത്തിനായി സ്വതന്ത്രരെ ആശ്രയിക്കേണ്ടിവരുന്ന നിലയുണ്ടായാൽ ബിജെപി ഏതുവഴിയും ഭരണം പിടിക്കാൻ ശ്രമിക്കുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. നാൽപതിലധികം സീറ്റുകൾ ലഭിച്ചാൽ മാത്രമേ ഇപ്പോഴത്തെ നിലയിൽ കോൺഗ്രസിന് ആശ്വസിക്കാൻ വകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *