ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; 18,000 പേരെ പിരിച്ചുവിടും

വാഷിങ്ടൻ: ഇ–കൊമേഴ്സ് ഭീമനായ ആമസോൺ 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. അനിശ്ചിത സമ്പദ്‌വ്യവസ്ഥ കണക്കിലെടുത്ത് 18,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ആമസോൺ സിഇഒ ആൻഡി ജാസി പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് കാലത്ത് വൻതോതിൽ നിയമനങ്ങൾ നടത്തിയിരുന്ന സ്ഥാപനമാണ് ആമസോൺ. കഴിഞ്ഞ വർഷം നവംബറിൽ 10,000 പേരെ പിരച്ചുവിടുകയാണെന്ന് ആമസോൺ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ വീണ്ടും പിരിച്ചുവിടൽ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി.

പിരിച്ചുവിടൽ ആളുകൾക്ക് പ്രയാസമാണെന്ന് കമ്പനി നേതൃത്വം മനസിലാക്കുന്നുണ്ട്, അതുകൊണ്ടുതന്നെ തീരുമാനത്തെ കുറച്ചുകാണുന്നില്ലെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞു. പിരിച്ചുവിടുന്നവർക്ക് പണവും, ആരോഗ്യ ഇൻഷുറൻസ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉൾപ്പടെ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിരിച്ചുവിടപ്പെടുന്നവരിൽ ചിലർ യൂറോപ്പിൽ നിന്നുള്ളവരാണ്. എല്ലാവർക്കും ജനുവരി 18 മുതൽ അറിയിപ്പ് നൽകിത്തുടങ്ങും. ആഗോള തലത്തിൽ താൽകാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരുണ്ട്.

ആമസോൺ സ്റ്റോർ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *