ആകാശ് അതീവ സുരക്ഷാജയിലില്‍; മാറ്റം ജയിലുദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിന്റെ പേരില്‍

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസ്. വിയ്യൂര്‍ പൊലീസാണ് കേസെടുത്തത്. ജയിലില്‍ ആകാശ് കിടക്കുന്ന ഭാഗം തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായി മര്‍ദിക്കുകയായിരുന്നുവെന്ന എഫ്ഐആറില്‍ പറയുന്നു.

ഞായറാഴ്ച വൈകിട്ടാണ് കൊല്ലം സ്വദേശിയായ അസി.സൂപ്രണ്ട് രാഹുലിന് മര്‍ദനമേറ്റത്. ഫെബ്രുവരിയിലാണ് ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. സെല്ലില്‍ ആകാശ് കിടക്കുന്ന ഭാഗം തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കഴുത്തിനും നെഞ്ചിനും പരിക്കേറ്റ അസി. സൂപ്രണ്ട് രാഹുലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. കൊട്ടേഷനും സ്വര്‍ണ്ണക്കടത്തുമുള്‍പ്പെടെയുള്ള കേസുകള്‍ കണക്കിലെടുത്ത് കാപ്പ ചുമത്തിയതോടെയാണ് ആകാശ് വിയ്യൂര്‍ ജയിലിലെത്തിയത്. ജയിലില്‍ ആകാശിന് അനധികൃത പരിരക്ഷ ലഭിക്കുന്നുണ്ടെന്ന ആരോപണത്തിനിടെയാണ് ഉദ്യോഗസ്ഥന് മര്‍ദ്ദനമേറ്റിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് ആകാശിനെ അതീവ സുരക്ഷാ ജയിലിലേയ്ക്ക് മാറ്റി. ഉദ്യോഗസ്ഥനെ ആക്രമിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വിയ്യൂര്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *