അമ്മയ്ക്ക് രക്ഷകയായത് മകള്‍

കാല്‍ വഴുതി പുഴയിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകരായത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനകള്‍. കോട്ടയം തിരുവാര്‍പ്പിലെ കാഞ്ഞിരം ജെട്ടിക്ക് സമീപമാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കളായ സാദിയ ഫാത്തിമയും, കൃഷ്ണ നന്ദയും ചേര്‍ന്നാണ് അതിസാഹസികമായി വീട്ടമ്മയെ രക്ഷപെടുത്തിയത്.

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ്കാഞ്ഞിരം ജെട്ടി സ്വദേശിനിയായ സെറീന എന്ന വീട്ടമ്മ, തുണി കഴുകുന്നതിനിടയില്‍ കാല്‍ വഴുതി പുഴയിലേക്ക് വീണത്. നീന്തല്‍ വശമില്ലാതിരുന്ന സെറീന വെള്ളത്തിലേക്ക് മുങ്ങി താഴുകയായിരുന്നു. സമീപത്തു കളിച്ചുകൊണ്ടിരുന്ന സെറീനയുടെ മകള്‍ സാദിയയും,സുഹൃത്ത് കൃഷ്ണ നന്ദയും ഇത് കണ്ടുകൊണ്ടാണ് പുഴയരികിലേക്ക് ഓടിയെത്തിയത്. പിന്നീട് ഒട്ടും വൈകിയില്ല. ഇരുവരും ചേര്‍ന്ന് വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, വെള്ളത്തിലേക്ക് ചാടുകയായിരുന്നു. അടിയൊഴുക്കുള്ള പുഴയില്‍ മുങ്ങി താഴ്ന്ന സെറീനയുടെ കാലിലാണ് സാദിയയ്ക്ക് പിടുത്തം കിട്ടിയത്. സാദിയ കാലില്‍ പിടിച്ചു ഉയര്‍ത്തിയതോടെ കൃഷ്ണ നന്ദ മുടിയില്‍ പിടിച്ചു വലിച്ചുകൊണ്ട് അവിടെ ഉണ്ടായിരുന്ന വള്ളത്തിന്റെ സൈഡിലേക്ക് അടിപ്പിക്കുകയായിരുന്നു.

കുട്ടികളുടെ നിലവിളി കേട്ട് എത്തിയ അയല്‍വാസിയായ ജിത്തു എന്ന യുവാവും ചേര്‍ന്നാണ് വീട്ടമ്മയെ കരക്കെത്തിച്ചത്. അപകടത്തില്‍പെട്ട വീട്ടമ്മ ഇപ്പോഴും ആ നടുക്കത്തില്‍ നിന്നും മാറിയിട്ടില്ല. കുട്ടികളുടെ സമയോചിതമായ ഇടപെടലും ധൈര്യവുമാണ് വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ആയത്. നാടിന് തന്നെ അഭിമാനമായിമാറിയ കുട്ടികളെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *