അമ്പാനിയുടെ ശമ്പളം പൂജ്യമെന്ന് കണക്കുകൾ

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് എന്ന മഹാ സാമ്രാജ്യത്തെ ഉയരങ്ങളിലേയ്ക്ക് എത്തിക്കുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനായ ഇന്ത്യൻ ശതകോടീശ്വരൻ കഴിഞ്ഞ വർഷത്തെ തന്റെ സേവനത്തിന് കമ്പനിയിൽ നിന്നു കൈപ്പറ്റിയ ശമ്പളത്തിന്റെ കണക്കുകളാണ് നിലവിൽ സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിക്കുന്നത്. 2022- 23 സാമ്പത്തിക വർഷത്തിൽ മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നു ശമ്പള ഇനത്തിൽ യാതൊന്നും കൈപ്പറ്റിയില്ല. 66 വയസുകാരനായ മുകേഷ് അംബാനി കൊവിഡ് മഹാമാരിയെ തുടർന്ന് 2020- 21 ൽ പ്രതിഫലം സ്വമേധയാ ഉപേക്ഷിച്ചിരുന്നു. അതിനുശേഷം, 2021- 22 ലും ഇപ്പോൾ 2022- 23 ലും അദ്ദേഹം ശമ്പളമൊന്നും കൈപ്പറ്റിയിട്ടില്ല. ഈ മൂന്ന് വർഷങ്ങളിലും ചെയർമാൻ, മാനേജിംഗ് ഡയറക്ടർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം റിലയൻസിൽ നിന്ന് അലവൻസുകളോ പെർക്വിസൈറ്റുകളോ റിട്ടയർ ആനുകൂല്യങ്ങളോ കമ്മീഷനോ സ്റ്റോക്ക് ഓപ്ഷനുകളോ ഒന്നും നേടിയിട്ടില്ല.

കമ്പനിയും അതിന്റെ എല്ലാ ബിസിനസുകളും പൂർണമായും വരുമാന സാധ്യതകളിലേക്ക് തിരിച്ചെത്തുന്നത് വരെ ഒരു രൂപ പോലും ശമ്പളമോ, അലവൻസുകളോ ആയി കൈപ്പറ്റില്ലെന്ന ദൃഢനിശ്ചയത്തിലാണ് ആദ്ദേഹം. 2008- 09 സാമ്പത്തിക വർഷം മുതൽ 2020 വരെ അംബാനിയുടെ വാർഷിക പ്രതിഫലം 15 കോടി രൂപയായിരുന്നു. വർഷാവർഷമുള്ള ഇൻക്രിമെന്റ് അദ്ദേഹം വേണ്ടെന്നു വച്ചിരുന്നു.

ഫോർബ്‌സ് റിപ്പോർട്ട് പ്രകാരം, റിലയൻസ് ചെയർമാന്റെ നിലവിലെ ആസ്തി 89 ബില്യൺ ഡോളറാണ്. അതായത് ഏകദേശം 7,35,880 കോടി രൂപ. 1977 മുതൽ റിലയൻസ് ബോർഡിൽ മുകേഷ് ഉണ്ട്. 2002 ജൂലൈയിൽ പിതാവ് ധീരുഭായ് അംബാനിയുടെ വിയോഗത്തോടെയാണു മുകേഷ് സാമ്രാജ്യത്തിന്റെ ചെയർമാനായത്. നിലവിൽ കാലാവധി അവസാനിക്കുന്ന അദ്ദേഹത്തെ 5 വർഷത്തേയ്ക്കു കൂടി തൽസ്ഥാനത്ത് തുടരാൻ കമ്പനി ഓഹരിയുടമകളുടെ അനുവാദം തേടിയിരിക്കുകയാണ്.

2029 ഏപ്രിൽ വരെ മുകേഷ് അംബാനിക്ക് കമ്പനിയുടെ സാരഥ്യത്തിൽ തുടരാനാണ് ഓഹരിയുടമകളുടെ അനുമതി തേടിയിരിക്കുന്നു. അതുവരെ കമ്പനിയിൽ നിന്നു ശമ്പളമായി ഒരു രൂപ പോലും കൈപ്പറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുകേഷ് അംബാനിക്കു കീഴിൽ റിലയൻസ് കൈവരിച്ച വളർച്ച കണക്കാക്കുമ്പോൾ ഓഹരിയുടമകൾക്ക് മറ്റൊരു അഭിപ്രായം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *