അന്വേഷണ ഏജൻസികളെ ദുരുപയോ​ഗം ചെയ്യുന്നു; മോദിക്ക് പ്രതിപക്ഷ പാർട്ടികളുടെ കത്ത്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയുടെ അറസ്റ്റിൽ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. എട്ട് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോൺഗ്രസ് വിട്ടുനിന്നു.

മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയുടെ അറസ്റ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോരിനിടെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട കത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു.

നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരാണ് കത്തിൽ ഒപ്പുവച്ച മറ്റു നേതാക്കൾ.

”ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങൾ സമ്മതിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രതിപക്ഷ അംഗങ്ങൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറിയെന്ന് സൂചിപ്പിക്കുന്നതായി തോന്നുന്നു” കത്തിൽ പറയുന്നു.മനീഷ് സിസോദിയയെ ക്രമക്കേട് ആരോപിച്ച് ഒരു തെളിവുമില്ലാതെ സിബിഐ അറസ്റ്റ് ചെയ്തു. 2014 മുതൽ നിങ്ങളുടെ ഭരണത്തിന് കീഴിലുള്ള അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്യുകയോ റെയ്ഡ് നടത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്ത മൊത്തം രാഷ്ട്രീക്കാരിൽ മിക്കവരും പ്രതിപക്ഷത്തിൽ നിന്നുള്ളവരാണ്. ബിജെപിയിൽ ചേരുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരായ കേസ് അന്വേഷണത്തിൽ അന്വേഷണ ഏജൻസികൾ മന്ദഗതിയിലാണ്” കത്തിൽ പറയുന്നു.

2014ലും 2015ലും ശാരദാ ചിട്ടിഫണ്ട് അഴിമതിക്കേസിൽ സിബിഐയുടെയും ഇഡിയുടെയും നിരീക്ഷണത്തിലായിരുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കോൺഗ്രസിനൊപ്പമുണ്ടായിരുന്നത് ചൂണ്ടിക്കാണ്ടിയാണ് പരാമർശം. ”ഹിമന്ത ബിജെപിയിൽ ചേർന്നതിന് ശേഷം കേസ് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. മുൻ തൃണമൂൽ കോൺഗ്രസ് നേതാക്കളായ സുവേന്ദു അധികാരിയും മുകുൾ റോയിയും നാരദ കേസിൽ ഇഡിയുടെയും സിബിഐയുടെയും അന്വേഷണ നിഴലിലായിരുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവർ ബിജെപിയിൽ ചേർന്നതോടെ ആ കേസ് അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ലെന്ന് ‘ കത്തിൽ പറയുന്നു.’2014 മുതൽ, പ്രതിപക്ഷ നേതാക്കൾക്കെതിരെ നടത്തിയ റെയ്ഡുകളുടെയും കേസുകളുടെയും അറസ്റ്റിന്റെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി. ലാലു പ്രസാദ് യാദവ് സഞ്ജയ് റാവുത്ത് അസം ഖാൻ നവാബ് മാലിക് അനിൽ ദേശ്മുഖ് അഭിഷേക് ബാനർജി എന്നിവരുൾപ്പെടെ അന്വേഷണ വിധേയരായി. മിക്ക കേസുകളും അറസ്റ്റുകളും നടന്നത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ്. അവ രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്” പ്രതിപക്ഷ നേതാക്കൾ കത്തിൽ പറയുന്നു.

നാഷനൽ ഹെറൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മകനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *