അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ : സർക്കാരിന് പരാജയം, നോട്ടീസ് അയച്ച് ഹൈക്കോടതി

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടികാട്ടിയുള്ള പൊതുതാൽപ്പര്യ ഹർജിയിൽ സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ച് ഹൈക്കോടതി. ആലുവയിൽ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പൊതു താൽപ്പര്യ ഹർജിയുമായി അഭിഭാഷകനായ വിടി സതീഷ് ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിന്‍റെ പുനരധിവാസവും ഉറപ്പാക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

ആലുവയിൽ അഞ്ചു വയസ്സുകാരി ബലാൽത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് അതിഥി ത്തൊഴിലാളികളുടെ രജിസട്രേഷൻ നടപടികൾ കൃത്യമായി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടുള്ള പൊതു താൽപ്പര്യ ഹർജി. ഹർജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടി.

ആലുവ അതിവേഗ പ്രത്യേക കോടതി അഭിഭാഷകനായ വി.ടി സതീഷാണ് അഡ്വ വി സജിത് കുമാർ മുഖേന ഹൈക്കോടതിയെ സമീപിച്ചത്. അതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷനും മറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിലും സർക്കാർ പരാജയമാണ്. പീഡനത്തിരയായവരുടെ പുനരധിവാസം സംബന്ധിച്ച 2001 ലെ സ്കീം അതിഥിത്തൊഴിലാളികളോട് വിവേചന പുലർത്തുന്നതായതിനാൽ, സ്കീം പരിഷ്കരിക്കണമെന്നും ഇതിനായി സർക്കാരിന് നിർദേശം നൽകണം.

നിയമ സംവിധാനങ്ങളെക്കുറിച്ച് കുടിയെറ്റ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം അടക്കമുള്ളവ നടത്തണം. ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം അനുവദിക്കാനും കുടുംബത്തിന്റെ പുനരധിവാസമുറപ്പാക്കുവാനും സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി പിന്നീട് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *